ബീജിങ്: കേള്‍വി ശക്തിയില്ലാതെ ജനിക്കുന്നവര്‍ക്ക് പ്രതീക്ഷയേകി വൈദ്യ ശാസ്ത്ര രംഗത്ത് വിപ്ലവകരമായ മുന്നേറ്റം. ജന്മനാ ബധിരരായവര്‍ക്ക് പുതിയ ജീന്‍ തെറാപ്പിയിലൂടെ ആഴ്ചകള്‍ക്കുള്ളില്‍ കേള്‍വി ശക്തി വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ചൈനയിലെ ആശുപത്രികളുമായും സര്‍വകലാശാലകളുമായും സഹകരിച്ച് സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.
ശരീരത്തിലെ കേള്‍വിക്ക് സഹായിക്കുന്ന നിര്‍ണായകമായ ഒരു പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീനുകളിലെ തകരാറാണ് പലരിലും ജന്മനാ ഉള്ള വൈകല്യത്തിന് കാരണമാകുന്നത്. ഈ തകരാര്‍ പരിഹരിക്കാനായി വികസിപ്പിച്ചെടുത്ത ജീന്‍ തെറാപ്പി പരീക്ഷണങ്ങളില്‍ വന്‍ വിജയമാണെന്നാണ് പഠനത്തില്‍ പറയുന്നത്.
'ബധിരതയുടെ ജനിതക ചികിത്സയിലെ ഒരു വലിയ ചുവടുവെപ്പാണിത്. ഇത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.' കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ സയന്‍സ്, ഇന്റര്‍വെന്‍ഷന്‍ ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റും പഠനത്തിന്റെ പ്രധാന രചയിതാക്കളില്‍ ഒരാളുമായ മൗലി ഡുവാനും വ്യക്തമാക്കി.
പരീക്ഷണത്തിന്റെ ഭാഗമായി ചികിത്സക്ക് വിധേയരായ കുട്ടികളില്‍ വെറും നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ശബ്ദങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കൈവന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉള്‍ചെവിയിലേക്ക് നേരിട്ട് ഒരു നിശ്ചിത ജീന്‍ കുത്തിവെച്ചാണ് ഈ ചികിത്സ നടത്തുന്നത്. ഇത് കേള്‍വിക്ക് ആവശ്യമായ കോശങ്ങളെ ഉത്തേജിപ്പിക്കുകയും മസ്തിഷ്‌കത്തിലേക്ക് ശബ്ദ തരംഗങ്ങള്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
നിലവില്‍ കോക്ലിയര്‍ ഇംപ്ലാന്റുകള്‍ പോലുള്ള മാര്‍ഗങ്ങളാണ് കേള്‍വി വൈകല്യത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ജീന്‍ തെറാപ്പിയിലൂടെ സ്വാഭാവികമായ രീതിയില്‍ കേള്‍വി ശക്തി വീണ്ടെടുക്കാന്‍ കഴിയുമെന്നത് വലിയൊരു നേട്ടമായി കണക്കാക്കപ്പെടുന്നു. ഈ ചികിത്സാ രീതി കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.