ന്യൂഡല്‍ഹി: വനിതാസംവരണ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. പാര്‍ലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം കൂട്ടി സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
സ്ത്രീ സംവരണ ബില്ലിന് 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഇതിലാണ് ഭേദഗതി വരുത്തുന്നത്. നാരീശക്തി വന്ദന്‍ അഭിയാന്‍ ഭേദഗതി ബില്‍ എന്ന പേരിലുള്ള ബില്‍ ഏപ്രില്‍ 16 മുതല്‍ ചേരുന്ന ബജറ്റ് സമ്മേളന തുടര്‍ച്ചയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണ്ഡല പുനര്‍ നിര്‍ണയ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ മറ്റൊരു ബില്ലും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. ഭേദഗതി പ്രകാരം ലോക്‌സഭാ സീറ്റുകള്‍ നിലവിലെ 543 ല്‍ നിന്ന് 816 ആയി വര്‍ധിക്കും. ഇതില്‍ 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനാണ് തീരുമാനം.
2029 ലെ പൊതുതിരഞ്ഞെടുപ്പിലാകും നിയമം പ്രാബല്യത്തില്‍ വരുന്നത്. സ്ത്രീകള്‍ക്കുള്ള സംവരണം കൂട്ടുമ്പോഴും പട്ടികജാതി, പട്ടിക വര്‍ഗ സംവരണം തുടരും. നിയമസഭകളിലും സമാന രീതിയില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് അനുപാതികമായി സ്ത്രീകള്‍ക്ക് സംവരണം നല്‍കും. 2011 സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കും. 2027 സെന്‍സസ് പൂര്‍ത്തിയാക്കിയ ശേഷം സംവരണം നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഇത് 2034 വരെ നീണ്ടേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പഴയ സെന്‍സസ് മാനദണ്ഡമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.