ന്യൂഡല്‍ഹി: യുദ്ധത്തിനിടെ പരിക്കേല്‍ക്കുന്ന സൈനികരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനായി അത്യാധുനിക ഡ്രോണുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. യുദ്ധ മേഖലയിലും മറ്റും പൈലറ്റുമാരുടെ ജീവന്‍ അപകടത്തിലാക്കാതെ തന്നെ സൈനികരെയും വിമാന ജീവനക്കാരെയും രക്ഷപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജര്‍ 2020 പ്രകാരം മെയ്ക്ക് ഐ വിഭാഗത്തിലാണ് ഈ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വികസന ചിലവിന്റെ 70 ശതമാനം സര്‍ക്കാര്‍ വഹിക്കുമ്പോള്‍ ബാക്കി 30 ശതമാനം ഇന്ത്യയിലെ വന്‍കിട സ്വകാര്യ കമ്പനികളാണ് നിക്ഷേപിക്കുന്നത്.
റണ്‍വേയുടെ ആവശ്യമില്ലാതെ തന്നെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്ന ഡ്രോണുകളാണിവ. എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ച് ആളുകളെ കണ്ടെത്താനും അവിടെ ലാന്‍ഡ് ചെയ്യാനും ഇതിന് സാധിക്കും. 16,000 അടി മുതല്‍ 20,000 അടി വരെ ഉയരത്തില്‍ ഈ ഡ്രോണുകള്‍ പറക്കും.
200 കിലോ മീറ്റര്‍ ചുറ്റളവില്‍ 45 മിനിറ്റ് വരെ നിരീക്ഷണം നടത്താനും സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ സ്വയം നിയന്ത്രിത സംവിധാനമാകും ഇതിലുപയോഗിക്കുക. ഏകദേശം 400 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ പ്ലാറ്റ്‌ഫോമിന് നാല് യാത്രക്കാരെയും സ്ട്രെച്ചറുകളെയും ഒരേസമയം വഹിക്കാന്‍ കഴിയും. ഉപഗ്രഹ സഹായം ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാകും ഇവയെ വികസിപ്പിക്കുക.
ഈ ഡ്രോണുകള്‍ ഇന്ത്യന്‍ പ്രതിരോധ വ്യവസ്ഥയിലെ ഏറ്റവും ആധുനികമായ സംവിധാനങ്ങളിലൊന്നായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രക്ഷാ ദൗത്യങ്ങള്‍ക്ക് പുറമെ, ഹെലികോപ്റ്ററുകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള ഹിമാലയന്‍ പ്രദേശങ്ങളിലും മറ്റ് ദുര്‍ഘടമായ ഇടങ്ങളിലും സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും ഇവയെ ഉപയോഗിക്കാനാകും. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തരമായി ഉയര്‍ന്ന സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങള്‍ സ്വയം ഒരുക്കണമെന്നുമുള്ള ആശയത്തിന്റെ പിന്‍ബലത്തിലാണ് പുതിയ തരം ഡ്രോണുകളെ വികസിപ്പിക്കാനൊരുങ്ങുന്നത്. ഇവയില്‍ പകുതിയോളം ഘടകങ്ങള്‍ ആദ്യഘട്ടത്തില്‍ ആഭ്യന്തരമായി നിര്‍മിച്ചവയായിരിക്കും. ഭാവിയില്‍ ഇന്ത്യന്‍ ഘടങ്ങളുടെ അളവ് വര്‍ധിപ്പിച്ച് വിദേശ ആശ്രിതത്വം പരമാവധി കുറയ്ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.