നിതീഷ് കുമാര്‍ 14 ന് രാജി വെക്കും; സാമ്രാട്ട് ചൗധരി പുതിയ ബിഹാര്‍ മുഖ്യമന്ത്രി

നിതീഷ് കുമാര്‍ 14 ന് രാജി വെക്കും; സാമ്രാട്ട് ചൗധരി പുതിയ ബിഹാര്‍ മുഖ്യമന്ത്രി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാര്‍ ഏപ്രില്‍ 14 ന് രാജിവെക്കും. ബിജെപി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി പുതിയ ബിഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.

രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാര്‍ നാളെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി 13 ന് ബിഹാര്‍ കാബിനറ്റ് യോഗം ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.

തന്റെ പിന്‍ഗാമിയായി ബിജെപി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി വരണമെന്ന് തന്നെയാണ് നിതീഷ് കുമാറിന്റെ ആഗ്രഹം. മുന്‍പ് നടന്ന സമൃദ്ധി യാത്ര ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് കുമാര്‍ വിശേഷിപ്പിച്ചിരുന്നു.

പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഏപ്രില്‍ 15 ന് നടക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. എന്നിരുന്നാലും പിന്‍ഗാമിയുടെ കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം നേടിയ വലിയ വിജയത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് ബിഹാര്‍ രാഷ്ട്രീയത്തില്‍ ഇത്തരമൊരു അധികാര കൈമാറ്റം നടക്കുന്നത്.

ബിഹാറില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നീങ്ങുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു യുഗത്തിന്റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.