വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ സൈനിക സംവിധാനത്തില്‍ ദശാബ്ദങ്ങള്‍ക്കിപ്പുറം വലിയ മാറ്റങ്ങള്‍ വരുത്തുന്നു. സൈനിക സേവനത്തിനായി പുരുഷന്മാരെ ഓട്ടോമാറ്റിക് ആയി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് പുതിയ നിര്‍ദേശം. 2026 ഡിസംബറോടെ സെലക്ടീവ് സര്‍വീസ് സിസ്റ്റം വഴി ഈ ഓട്ടോമാറ്റിക് രജിസ്ട്രേഷന്‍ ആരംഭിക്കും.
സൈനിക സേവനത്തിനായി വ്യക്തികള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതിന് പകരം സര്‍ക്കാര്‍ തന്നെ വിവരങ്ങള്‍ ശേഖരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതിയാണിത്. 2026 ലെ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന് അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് ഈ പരിഷ്‌കാരം.
അമേരിക്കയില്‍ നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ ഇറാന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏത് സാഹചര്യത്തെയും നേരിടാനുള്ള സജ്ജീകരണമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. നിലവിലെ നിയമ പ്രകാരം എല്ലാ പുരുഷന്മാരും 18 വയസ് തികഞ്ഞ് 30 ദിവസത്തിനുള്ളില്‍ സെലക്ടീവ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നത് പിഴയോ തടവോ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും നഷ്ടപ്പെടാനും ഇത് കാരണമാകും.
പുതിയ നിയമ പ്രകാരം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ഇത് ഓട്ടോമാറ്റിക്കായി നടക്കും. വ്യക്തികള്‍ നേരിട്ട് അപേക്ഷിക്കുന്നതിന് പകരം, മറ്റ് ഫെഡറല്‍ ഡാറ്റാബേസുകളില്‍ (ഉദാഹരണത്തിന് ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, ടാക്സ് റെക്കോര്‍ഡുകള്‍ തുടങ്ങിയവ) നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സെലക്റ്റീവ് സര്‍വീസ് സിസ്റ്റം അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. രജിസ്‌ട്രേഷനായി ജനങ്ങളെ ബോധവല്‍ക്കരിക്കാനും പരസ്യം നല്‍കാനും ചെലവാക്കുന്ന വലിയ തുക ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. എല്ലാവരും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ സൈനിക സേവനത്തിനായി ആളുകളെ കണ്ടെത്തുന്നത് വേഗത്തിലാക്കാനും ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.