മരണ കാരണം തലക്കേറ്റ ഗുരുതര പരിക്ക്, ശരീരത്തിലുടനീളം മുറിവുകളും; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മരണ കാരണം തലക്കേറ്റ ഗുരുതര പരിക്ക്, ശരീരത്തിലുടനീളം മുറിവുകളും; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ചിക്കമംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9:00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും.

രാവിലെ 10 വരെ പൊതുദര്‍ശനവും 10:30 ന് സംസ്‌കാര ചടങ്ങുകളും നടത്തും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവര്‍മഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിക്കുക.

ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെര്‍മല്‍ ഡ്രോണിന്റെ മോണിറ്ററില്‍ ശ്രീനന്ദയുടെ മൃതദേഹം പതിയുകയായിരുന്നു. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്ത് നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്ത് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ഏറെ പണിപ്പെടാണ് മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിഞ്ഞത്.

കര്‍ണാടക പൊലീസിന്റെ സോക്കോ ടീമും ഫോറന്‍സിക് വിദഗ്ധരും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തില്‍ ആയിരുന്നു പരിശോധന. ചിക്കമംഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

അതേസമയം കുട്ടിയുടെ മൃതദേഹം എങ്ങിനെ ഇവിടെ എത്തി എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. അബദ്ധത്തില്‍ ശ്രീനന്ദ ഇവിടേക്ക് വീഴാന്‍ ഒരു സാധ്യതയില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്നാണ് കുടുംബത്തിന്റെ ആരോപണം. ചെങ്കുത്തായ മലയുടെ ഉള്ളിലേക്കുള്ള ഒരു ഭാഗത്തായിരുന്നു മൃതദേഹം. ബാബ ബുദ്ധന്‍കിരിയിലെ ദതാത്രേയ പീഠം സന്ദര്‍ശിച്ച് മാണിക്യധാര വെള്ളച്ചാട്ടത്തിലേക്ക് വരുന്ന ഭാഗത്താണ് ശ്രീനന്ദ അപകടത്തില്‍പ്പെട്ട സ്ഥലം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.