ന്യൂഡല്‍ഹി: നവകേരള സര്‍വേയ്ക്കായി ഇതുവരെ ചെലവായ തുകയുടെ വിശദാംശങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍വേയ്ക്കായി ആകെ അനുവദിച്ച 20 കോടി രൂപയില്‍ 13.04 കോടി രൂപയാണ് ഇതുവരെ ചെലവായതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം പ്രധാന ചെലവുകള്‍ ഇങ്ങനെ:
ബ്രോഷറുകള്‍: 5.54 കോടി രൂപ.
കത്തുകള്‍: ഒരു കോടി രൂപ.
വോളണ്ടിയര്‍മാരുടെ യാത്ര: 1.45 കോടി രൂപ.
ഏകദേശം 95 ലക്ഷം വീടുകളില്‍ നേരിട്ടെത്തി വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് അഭിപ്രായം തേടാനാണ് സര്‍ക്കാര്‍ സര്‍വേയിലൂടെ ലക്ഷ്യമിട്ടത്. കുടുംബശ്രീ അംഗങ്ങളും സന്നദ്ധ സേനാ വോളണ്ടിയര്‍മാരുമാണ് ഇതിനായി വിവരശേഖരണം നടത്തിയത്. അതേസമയം നവകേരള സര്‍വേയുമായി ബന്ധപ്പെട്ട നിയമ പോരാട്ടം നിര്‍ണായക ഘട്ടത്തിലാണ്. ബജറ്റ് അനുമതിയില്ലാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ വിവരശേഖരണമാണെന്ന് ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയില്‍ കേരള ഹൈക്കോടതി ഈ സര്‍വേ റദ്ദാക്കിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സര്‍വേയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കുകയും ചെയ്തു.
ഭാവിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ജനകീയ അഭിപ്രായ രൂപീകരണത്തിനാണ് സര്‍വേയെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.