ഓസ്ട്രേലിയയിലെ സാൻ‌ഡ്‌ഹസ്റ്റ് രൂപതയ്ക്ക് പുതിയ ബിഷപ്പ്: റെനെ റാമിറസിനെ നിയമിച്ച് മാർപാപ്പ‌

ഓസ്ട്രേലിയയിലെ സാൻ‌ഡ്‌ഹസ്റ്റ് രൂപതയ്ക്ക് പുതിയ ബിഷപ്പ്: റെനെ റാമിറസിനെ നിയമിച്ച് മാർപാപ്പ‌

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ റീജിയണൽ മേഖലയിലുള്ള സാൻ‌ഡ്‌ഹസ്റ്റ് രൂപതയുടെ ഒമ്പതാമത് മെത്രാനായി ബിഷപ്പ് റെനെ റാമിറസിനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. നിലവിൽ മെൽബൺ അതിരൂപതയുടെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദേഹം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വത്തിക്കാനിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

2025 സെപ്റ്റംബറിൽ ബ്രിസ്‌ബേൻ ആർച്ചുബിഷപ്പായി സ്ഥാനക്കയറ്റം ലഭിച്ച ഷെയ്ൻ മക്കിൻലേക്ക് പകരക്കാരനായാണ് ബിഷപ്പ് റെനെ പുതിയ ചുമതലയേൽക്കുന്നത്. പുതിയ നിയമനത്തെ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോ സ്വാഗതം ചെയ്തു.

മെൽബണിലെ ചുരുങ്ങിയ കാലത്തെ സേവനം കൊണ്ട് തന്നെ വിശ്വാസികളുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്താൻ ബിഷപ്പ് റെനെയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. റെനെ റാമിറസിന്റെ വിനയവും ദൈവവിശ്വാസവും സാൻ‌ഡ്‌ഹസ്റ്റ് രൂപതയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും ആർച്ച് ബിഷപ്പ് കൂട്ടിചേർത്തു.

ഫിലിപ്പീൻസ് സ്വദേശിയായ ബിഷപ്പ് റെനെ 1998 ജൂണിലാണ് വൈദികനായി അഭിഷിക്തനായത്. ഫിലിപ്പീൻസിലും റോമിലുമായി ഉന്നത പഠനം പൂർത്തിയാക്കിയ അദേഹം 2025 ഫെബ്രുവരിയിലാണ് മെൽബണിൽ വെച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. സാൻ‌ഡ്‌ഹസ്റ്റ് രൂപതയിലെ ഷെപ്പർട്ടൺ സൗത്ത്, നാഗമ്പി തുടങ്ങിയ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചിട്ടുള്ള അദേഹത്തിന് രൂപതയിലെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.

വിക്ടോറിയയിലെ ബെൻഡിഗോ ആസ്ഥാനമായുള്ള സാൻ‌ഡ്‌ഹസ്റ്റ് രൂപത 45,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. വിശ്വപ്രസിദ്ധമായ സേക്രഡ് ഹാർട്ട് കത്തീഡ്രലാണ് രൂപതയുടെ മുഖമുദ്ര. താൻ മുൻപ് സേവനമനുഷ്ഠിച്ച മണ്ണിലേക്ക് രൂപതാധ്യക്ഷനായി മടങ്ങിയെത്തുന്ന ബിഷപ്പ് റെനെയെ സ്വീകരിക്കാൻ വലിയ തയ്യാറെടുപ്പുകളാണ് രൂപതയിൽ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.