മണ്ഡല പുനര്‍ നിര്‍ണയം: തമിഴ്നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എം.കെ സ്റ്റാലിന്‍

മണ്ഡല പുനര്‍ നിര്‍ണയം: തമിഴ്നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എം.കെ സ്റ്റാലിന്‍

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന മണ്ഡല പുനര്‍ നിര്‍ണയ നടപടികള്‍ക്കെതിരെ തമിഴ്നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡിഎംകെ എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം. നമ്മുടെ തലയ്ക്ക് മുകളില്‍ തൂങ്ങി നിന്ന വാള്‍ ഇപ്പോള്‍ താഴേക്ക് പതിച്ചിരിക്കുകയാണെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

വ്യാഴാഴ്ച പാര്‍ലമെന്റില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയ ഭേദഗതി തമിഴ്നാടിനോടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടും ചെയ്യുന്ന വലിയ ചരിത്രപരമായ അനീതിയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഇന്ത്യയുടെ പുരോഗതിക്കായി മികച്ച സംഭാവനകള്‍ നല്‍കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയാണോ ഇതെന്നും അദേഹം ചോദിച്ചു.

ഏപ്രില്‍ 16 ന് തമിഴ്നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും കറുത്ത പതാക ഉയരും. ബിജെപി തീക്കളി നടത്തുകയാണെന്നും ഇതിന്റെ പ്രത്യാഘാതം കഠിനമായിരിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാലിന്‍. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അയച്ച കത്തിന് മറുപടിയായി ദക്ഷിണേന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഫെഡറലിസം സംരക്ഷിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി സ്റ്റാലിന്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടിയ 1950 കളിലെയും 60 കളിലെയും ഡിഎംകെയെ രാജ്യം വീണ്ടും കാണേണ്ടി വരുമെന്ന് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.