ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ അമ്പരപ്പിച്ചുകൊണ്ട് വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടെ ഇതാദ്യമായാണ് നരേന്ദ്ര മോഡി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിലൂടെ തള്ളപ്പെടുന്നത്.
ലോക്‌സഭാംഗങ്ങളില്‍ 489 പേര്‍ വോട്ടു ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതാണ് ബിൽ പരാജയപ്പെടാൻ കാരണമായത്.
വനിതാ സംവരണത്തെ തത്വത്തിൽ എതിർക്കുന്നില്ലെന്നും എന്നാൽ ബില്ലിലെ മണ്ഡല പുനർനിർണയ വ്യവസ്ഥകളെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
നിലവിലെ 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ സംവരണം നടപ്പാക്കുന്നില്ല? സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാകുന്നത് വരെ സംവരണം നീട്ടിക്കൊണ്ടുപോകുന്നത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഈ നീക്കം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.
വൈകീട്ട് ഏഴു മണിയോടെയാണ് സഭയിൽ വോട്ടെടുപ്പ് നടന്നത്. ഇതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചകൾക്ക് മറുപടി നൽകിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കുമെന്നും സൂചനകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.