ബുധനാഴ്ചയ്ക്കകം കരാര്‍ ആയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ്; ഇനി യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമെന്ന് ഇറാന്‍: ഭീതിയൊഴിയാതെ പശ്ചിമേഷ്യ

ബുധനാഴ്ചയ്ക്കകം കരാര്‍ ആയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ്; ഇനി യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമെന്ന് ഇറാന്‍: ഭീതിയൊഴിയാതെ പശ്ചിമേഷ്യ

ടെഹ്‌റാന്‍/വാഷിങ്ടണ്‍: ഇനി യുദ്ധം ഉണ്ടായാല്‍ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്റെ ഭീഷണി. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്ത് നിന്ന് ഇനി ആക്രമണമുണ്ടായാല്‍ തങ്ങളുടെ പ്രത്യാക്രമണ ലക്ഷ്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും.

ഈ മാസം തന്നെ ഇറാന്‍ പുതിയ മിസൈലുകള്‍ വികസിപ്പിച്ചെന്നും യുദ്ധം തുടര്‍ന്നാല്‍ അവ ഉപയോഗിക്കുമെന്നും മുതിര്‍ന്ന കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റേസ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ മിസൈല്‍ ശേഷിയെ തടയാന്‍ ശത്രു രാജ്യങ്ങള്‍ക്ക് കഴിയില്ലെന്നും അദേഹം വ്യക്തമാക്കി.

അതിനിടെ അമേരിക്കയുമായി അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തിയതി നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ് സാദെ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ഒരു കൃത്യമായ ചട്ടക്കൂട് രൂപീകരിക്കുന്നത് വരെ പുതിയ കൂടിക്കാഴ്ചകള്‍ ഉണ്ടാകില്ലെന്ന് അദേഹം പറഞ്ഞു.

അതേസമയം ബുധനാഴ്ചയ്ക്കകം കരാര്‍ ആയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് ആവര്‍ത്തിച്ചു. എന്നാല്‍ പരാജയപ്പെടാന്‍ സാധ്യതയുള്ള ഒരു ചര്‍ച്ചയ്ക്കും തിരക്കിട്ട് ഒരുങ്ങേണ്ടതില്ലെന്നാണ് ഇറാന്റെ നിലപാട്. കാരണം ചര്‍ച്ചകള്‍ പരാജയപ്പെടുന്നത് സംഘര്‍ഷം കൂടുതല്‍ വഷളാക്കാന്‍ മാത്രമേ സഹായിക്കൂവെന്ന് ഇറാന്‍ കരുതുന്നു.

ഇറാന്റെ ആണവ പരിപാടിയും യുറേനിയം സമ്പുഷ്ടീകരണവുമാണ് പ്രധാന തര്‍ക്ക വിഷയങ്ങള്‍. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് പുറത്തുള്ള ഒരു നിബന്ധനയും തങ്ങള്‍ അംഗീകരിക്കില്ലെന്ന് ഖത്തീബ്സാദെ വ്യക്തമാക്കി. അമേരിക്ക വാക്കു പാലിക്കാതെ വെടിനിര്‍ത്തല്‍ ലംഘിക്കാനാണ് പോകുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം അവര്‍ നേരിടേണ്ടി വരുമെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.