ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്: ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്: ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്  മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍.ഇറാന് മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇറാനിയന്‍ നാവിക സേനയുടെ വെടിവെപ്പില്‍പ്പെട്ട രണ്ട് ഇന്ത്യന്‍ കപ്പലുകളിലും ആളപായമില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കപ്പലുകളിലെ കാബിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്.

ഇറാനിയന്‍ നയതന്ത്ര കാര്യാലയവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐആര്‍ജിസി) തമ്മില്‍ ഈ സംഭവത്തെക്കുറിച്ച് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള സംഘര്‍ഷ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന എല്ലാ കപ്പലുകളില്‍ നിന്നും നികുതി ഈടാക്കണമെന്നാണ് ഐആര്‍ജിസിയുടെ നിലപാട്.

ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ലാവന്‍ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതിനിടയിലാണ് ജഗ് അര്‍ണവ്, സാന്‍മാര്‍ ഹെറാള്‍ഡ് എന്നീ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. ഇറാനിയന്‍ കപ്പലിലെ 183 ജീവനക്കാരില്‍ 120 പേരെ ഇതിനോടകം നാട്ടിലേക്ക് തിരിച്ചയച്ചു.

എന്നാല്‍ കപ്പല്‍ പരിപാലിക്കാന്‍ ആവശ്യമായ ചില ജീവനക്കാര്‍ കൊച്ചി തുറമുഖത്ത് തുടരുന്നുണ്ട്. മാര്‍ച്ച് നാലിന് ഐആര്‍ഐഎസ് ദേന എന്ന മറ്റൊരു ഇറാനിയന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കയ്ക്ക് സമീപം അന്തര്‍വാഹിനി ആഖ്രമണത്തില്‍ അമേരിക്ക മുക്കിയതിനെ തുടര്‍ന്നാണ് ഇറാനിയന്‍ കപ്പല്‍ കൊച്ചിയില്‍ അഭയം തേടിയത്.

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളില്‍ നിന്ന് ഐആര്‍ജിഎസ് ചുങ്കം ഈടാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും അത്തരം നികുതി നല്‍കാന്‍ ഇന്ത്യയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന നിലപാടിലാണ് ഇന്ത്യ.

ലക്ഷക്കണക്കിന് ബാരല്‍ എണ്ണയുമായി പോയ രണ്ട് വലിയ ക്രൂഡോയില്‍ ടാങ്കറുകളാണ് ശനിയാഴ്ച ഒമാന്റെ വടക്ക് ഇറാനിയന്‍ നാവിക സേനയുടെ വെടിവെപ്പിന് ഇരയായത്. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പിന്തിരിയാനും അവ നിര്‍ബന്ധിതരായി. യുഎസ്, ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് ഇറാന്‍ മുമ്പ് പറഞ്ഞിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇറാനിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി സംഭവത്തില്‍ തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു.

മറൈന്‍ ട്രാഫിക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യന്‍ പതാകയേന്തിയ ജഗ് അര്‍ണവ് സൗദി അറേബ്യയിലെ അല്‍ ജുബൈലില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സാന്‍മാര്‍ ഹെറാള്‍ഡ് ഇറാഖില്‍ നിന്ന് ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.