വിരുദുനഗര്‍: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരില്‍ അറ് പേരുടെ നില ഗുരുതരമാണ്.
ഇന്ന് ഉച്ചയോടെ കട്ടനാര്‍പട്ടിയിലെ വനജ പടക്ക ഫാക്ടറിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ അനുഭവപ്പെട്ടു. ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.
ശിവകാശി, സത്തൂര്‍ മേഖലകള്‍ ഉള്‍പ്പെടുന്ന വിരുദുനഗര്‍ ജില്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പടക്ക നിര്‍മാണ കേന്ദ്രമാണ്. എന്നാല്‍ ഈ മേഖലയില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.
പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം വന്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന ആരോപണം ശക്തമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്.
സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അനുശോചനം അറിയിച്ചു. ദുരന്ത സ്ഥലത്തേക്ക് തിരിക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാനും രണ്ട് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.