'ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടരുത്': വര്‍ഗീയ വിഷം ചീറ്റി ആര്‍.എസ്.എസ് നേതാവ്

'ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടരുത്': വര്‍ഗീയ വിഷം ചീറ്റി ആര്‍.എസ്.എസ് നേതാവ്

നന്ദഗോവിന്ദം ഭജന്‍സിന്റെ സംഗീത പരിപാടിയില്‍ നിന്ന്.

കോട്ടയം: കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലും പള്ളിത്തിരുനാളുകളിലും സംഘടിപ്പിക്കുന്ന സംഗീത പരിപാടിയില്‍ ഇതര മതങ്ങളുടെ ഭക്തിഗാനങ്ങള്‍ പാടുക പതിവാണ്. മതേതര കേരളത്തില്‍ അത് പുതുമയുള്ള കാര്യമല്ല.

എന്നാല്‍ അവിടെയും വര്‍ഗീയതയുടെ വിഷ വിത്തുകള്‍ വിതറുകയാണ് ആര്‍.എസ്.എസ്. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജന്‍സ് ടീമിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍.എസ്.എസ് നേതാവ് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി.

ക്ഷേത്ര വേദികള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടാന്‍ ഉപയോഗിക്കരുത് എന്നാണ് അദേഹത്തിന്റെ നിര്‍ദേശം. ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണെന്ന് നന്ദഗോവിന്ദം ഭജന്‍സിനെ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആര്‍.എസ്.എസ് നേതാവ് ഉപദേശിക്കുന്നുമുണ്ട്.

മോഹന്‍ സിത്താര സംഗീതം ചെയ്ത് യേശുദാസ് ആലപിച്ച 'ഈ പരദേവനഹോ' എന്ന് തുടങ്ങുന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്. ഗാനം അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

വേമ്പിന്‍കുളങ്ങര ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിക്ക് ക്ഷേത്രവുമായുള്ള ബന്ധം എടുത്തുപറഞ്ഞ ശേഷമാണ് ടീം ഗാനമാലപിച്ചത്. ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയിലും വിളക്ക് തെളിയിക്കാറുണ്ട്. പരിപാടിക്ക് പാര്‍ക്കിങ് സൗകര്യം ഉള്‍പ്പെടെ പള്ളിയാണ് അനുവദിച്ചതെന്നും ഗാനം ആലപിക്കുന്നതിന് മുമ്പായി പറഞ്ഞിരുന്നു.

ഇത്തരത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന മതേതര ഐക്യം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ആര്‍.എസ്.എസ് പോലുള്ള തീവ്ര ഹിന്ദു സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന വിമര്‍ശനം ശക്തമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.