മുണ്ടത്തിക്കോട് പടക്ക നിര്‍മാണ ശാലയില്‍ വീണ്ടും പൊട്ടിത്തെറി: പരിശോധന അതീവ ദുഷ്‌കരം; മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

മുണ്ടത്തിക്കോട് പടക്ക നിര്‍മാണ ശാലയില്‍ വീണ്ടും പൊട്ടിത്തെറി: പരിശോധന അതീവ ദുഷ്‌കരം; മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

തൃശൂര്‍: മുണ്ടത്തിക്കോട് പടക്കനിര്‍മാണ ശാലയില്‍ വീണ്ടും പൊട്ടിത്തെറി. രാത്രി 7:30 ഓടെ വീണ്ടും പടക്കം പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും ഉള്ളിലുണ്ടായിരുന്ന സമയത്തായിരുന്നു സ്‌ഫോടനം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇനിയും പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ അവശേഷിക്കുന്നു എന്ന നിഗമനത്തില്‍ എല്ലാവരെയും പുറത്തേക്ക് മാറ്റിയിരിക്കുകയാണ്.

സ്‌ഫോടന സ്ഥലത്ത് നിന്ന് പൂര്‍ണ രൂപത്തിലുള്ള മൃതദേഹങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ശരീര ഭാഗങ്ങളാണ് ലഭിച്ചത്. ലഭിച്ച ശരീര ഭാഗങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടി വരും. അതിന് ശേഷം മാത്രമേ ഔദ്യോഗികമായ മരണസംഖ്യ സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും കളക്ടര്‍ അറിയിച്ചു.

അപകടസമയത്ത് 30 നും 40 നും ഇടയില്‍ തൊഴിലാളികള്‍ പടക്കപ്പുരയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവില്‍ 13 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതില്‍ ഒരാളെ വെന്റിലേറ്ററിലേക്ക് മാറ്റി.

വയലിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വെടിക്കെട്ടുപുരയിലേക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ മതിയായ വഴിയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 3:30 ന് തുടങ്ങിയ സ്‌ഫോടന പരമ്പരകള്‍ വൈകുന്നേരം വരെ നീണ്ടുനിന്നതും കനത്ത പുകയും ചൂടും വെല്ലുവിളിയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.