ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതി; യുപിയില്‍ രണ്ട് യുവാക്കള്‍ എടിഎസ് പിടിയില്‍

ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതി; യുപിയില്‍ രണ്ട് യുവാക്കള്‍ എടിഎസ് പിടിയില്‍

ലക്‌നൗ: പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട രണ്ട് യുവാക്കളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി തുഷാര്‍ ചൗഹാന്‍ (ഹിസ്ബുള്ള അലി ഖാന്‍-20), ഡല്‍ഹി സ്വദേശി സമീര്‍ ഖാന്‍ (20) എന്നിവരാണ് നോയിഡയില്‍ വെച്ച് പിടിയിലായത്.

സോഷ്യല്‍ മീഡിയ വഴി യുവാക്കളെ റിക്രൂട്ട് ചെയ്ത് 'സ്ലീപ്പര്‍ സെല്ലുകള്‍' രൂപീകരിക്കുന്ന പാക് ശൃംഖലയുടെ കണ്ണികളാണ് ഇരുവരുമെന്ന് എടിഎസ് അറിയിച്ചു. ലക്‌നൗ എടിഎസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യുഎപിഎ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ആയുധ നിയമം എന്നിവ പ്രകാരമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളില്‍ നിന്ന് ഒരു പിസ്റ്റള്‍, അഞ്ച് തിരകള്‍, കത്തി എന്നിവ പിടിച്ചെടുത്തു.

സോഷ്യല്‍ മീഡിയയിലൂടെ പാക് ഗുണ്ടാ ലിസ്റ്റിലുള്ള ഷഹ്‌സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി ബന്ധം സ്ഥാപിച്ച പ്രതികള്‍ക്ക് ഐഎസ്‌ഐ ഏജന്റുമാരില്‍ നിന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. തുഷാര്‍ ഖാന്‍ ഇന്‍സ്റ്റഗ്രാം വഴി പാക് ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെട്ടിരുന്നു. തന്ത്രപ്രധാന സ്ഥലങ്ങള്‍ നിരീക്ഷിക്കാനും, വീടുകള്‍ക്ക് നേരെ ഗ്രനേഡ് എറിയാനും ഇയാള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതിനായി 50,000 രൂപ അഡ്വാന്‍സായും ജോലി പൂര്‍ത്തിയാക്കിയാല്‍ 2.5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. ദുബായ് വഴി പാകിസ്ഥാനിലേക്ക് കടത്താമെന്നും ഐഎസ്‌ഐ ഏജന്റുമാര്‍ ഉറപ്പ് നല്‍കിയതായി മൊഴിയില്‍ പറയുന്നു.

എന്‍ക്രിപ്റ്റ് ചെയ്ത ആപ്പുകള്‍ വഴി പാക് സംഘവുമായി ബന്ധപ്പെട്ട സമീറിന്, 'TTH' (തെഹ്രീക്-ഇ-താലിബാന്‍ ഹിന്ദുസ്ഥാന്‍) എന്ന് സ്‌പ്രേ പെയിന്റ് ചെയ്യാനും കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുമായിരുന്നു ചുമതല. ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. 'മതം ഉപേക്ഷിച്ചവരെ' ലക്ഷ്യം വെച്ച് കൊലപാതകങ്ങള്‍ നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍മാര്‍ കോണ്‍ഫറന്‍സ് കോളിലൂടെ പങ്കെടുത്തതായും എടിഎസ് കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.