ബെർലിൻ: യൂറോപ്പിലെ സഭ–രാഷ്ട്രീയ ബന്ധങ്ങളെ വീണ്ടും ചൂടുപിടിപ്പിക്കുന്ന വാർത്തയായി ജർമ്മനിയിൽ പുതിയ വിവാദം ഉയർന്നു. ലോകത്തിലെ പ്രമുഖ കത്തോലിക്ക അന്താരാഷ്ട്ര വാർത്താ പോർട്ടലായ Crux Now ൽ 2026 ഏപ്രിൽ 15-ന് യൂറോപ്പ് കൊറസ്‌പോണ്ടന്റ് Fionn Shiner പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ജർമ്മനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ Alternative für Deutschland (AfD) ക്രൈസ്തവ സഭകൾക്ക് ലഭിക്കുന്ന സംസ്ഥാന സാമ്പത്തിക സഹായങ്ങൾ അവസാനിപ്പിക്കാനുള്ള നിയമനീക്കം നടത്തിയതായി വെളിപ്പെടുത്തിയത്.
ജർമ്മനിയുടെ ചരിത്രത്തിലും സാമൂഹിക ജീവിതത്തിലും ക്രൈസ്തവ സഭകൾ വഹിക്കുന്ന പങ്ക് അതുല്യമാണ്. ആരാധനാലയങ്ങളിലെ വിശ്വാസജീവിതം മാത്രം അല്ല, രാജ്യത്തിന്റെ സാമൂഹിക ഘടനയിൽ തന്നെ സഭയുടെ കൈമുദ്ര പതിഞ്ഞിരിക്കുന്നു. പ്രതിസന്ധികളിൽ തളർന്നവർക്കൊപ്പം നിന്നുകൊണ്ടുമാണ് സഭ ഇന്ന് ജർമ്മനിയിൽ നിലകൊള്ളുന്നത്.
ഇതിനിടെയാണ് AfD സഭകൾക്ക് ലഭിക്കുന്ന സർക്കാർ സഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ പ്രമേയം സമർപ്പിച്ചത്. ജർമ്മൻ കത്തോലിക്ക മെത്രാൻ സമിതി അടുത്തിടെ AfDയെ “തിരഞ്ഞെടുക്കാൻ പാടില്ലാത്ത പാർട്ടി” എന്ന് വിമർശിക്കുകയും പാർട്ടി അംഗങ്ങൾക്ക് സഭാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനെതിരെ നിലപാട് എടുക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയെത്തിയ ഈ നീക്കം രാഷ്ട്രീയ പ്രതികാരമായാണ് പലരും കാണുന്നത്.
ജർമ്മനിയിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ തങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം സഭകൾക്ക് നികുതിയായി (Church Tax) നൽകുന്നു. ഈ ചർച്ച് ടാക്സ് വഴി സഭകൾ വരുമാനം കണ്ടെത്തുന്നു. ഇതിനുപുറമെ, സഭയുടെ വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാരുകൾ സഭകൾക്ക് കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക കൈമാറുന്നുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ നൽകപ്പെടുന്ന ഈ സർക്കാർ സഹായവും വിശ്വാസികളുടെ നികുതിപ്പണവും സംയോജിപ്പിച്ചാണ് ജർമ്മനിയിലെ സഭകൾ ഇന്നും തങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നത്.
എന്നാൽ ഇത് പുതിയ സബ്സിഡിയല്ല. 1803-ൽ നെപ്പോളിയൻ കാലത്ത് സഭയുടെ ഭൂമിയും സ്വത്തും പിടിച്ചെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാര സംവിധാനത്തിന്റെ തുടർച്ചയാണ് ഇത്.
അന്ന് സഭകൾക്ക് ഭൂമി, സമ്പത്ത്, വരുമാന മാർഗങ്ങൾ എന്നിവ നഷ്ടമായി. അതിന് പകരമായി പുരോഹിതരുടെ ശമ്പളവും സഭാ പ്രവർത്തനച്ചെലവും വഹിക്കാമെന്ന് ഭരണകൂടങ്ങൾ സമ്മതിച്ചു. പിന്നീട് ഈ ബാധ്യത ജർമ്മൻ ഭരണഘടനയിലെ Article 140 വഴി നിയമപരമായി ഉറപ്പിക്കപ്പെട്ടു. അതുകൊണ്ടാണ് ഇന്നുവരെ ഈ സഹായം തുടരുന്നത്.
AfDയുടെ വാദം, ആധുനിക മതനിരപേക്ഷ രാജ്യത്തിൽ ഇത്തരം പണമടയ്ക്കൽ തുടരേണ്ടതില്ല എന്നതാണ്. സർക്കാർ സഹായം നിർത്തി ഒറ്റത്തവണ തീർപ്പാക്കൽ നടത്തണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. മുൻ ചാൻസലർ ഓലഫ് ഷോൾസിന്റെ സർക്കാർ പോലും ഇതു അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫെഡറൽ സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു.
AfDയുടെ Saxony-Anhalt തിരഞ്ഞെടുപ്പ് പത്രികയിൽ സഭകൾ “ഇടതുപക്ഷ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകൾ” സ്വീകരിക്കുന്നുവെന്നും ആരോപിച്ചു. സഭകൾ ക്രൈസ്തവ സന്ദേശത്തേക്കാൾ രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നുവെന്നുമാണ് അവരുടെ വിമർശനം.
എന്നാൽ സഭകളുടെ മറുപടി ശക്തമായിരുന്നു. Magdeburg Catholic Diocese, Evangelical Church in Central Germany, Evangelical Church of Anhalt എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു: “മാനവമഹത്വം, സ്വാതന്ത്ര്യം, ഐക്യദാർഢ്യം – ഇവയ്ക്ക് AfDയുടെ സാമൂഹിക ദർശനത്തിൽ സ്ഥാനം ഇല്ല.” (Menschenwürde, Freiheit, Solidarität – diese haben im Gesellschaftsbild der AfD keinen Platz.") മാറ്റങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുപകരം ഭയം വിതയ്ക്കുകയാണ് ഈ രാഷ്ട്രീയം എന്നും അവർ കൂട്ടിച്ചേർത്തു.
2024-ൽ തന്നെ ജർമ്മൻ കത്തോലിക്ക മെത്രാൻ സമിതി AfDയെ പേരെടുത്ത് വിമർശിച്ചിരുന്നു. ജാതി ദേശീയത ക്രൈസ്തവ വിശ്വാസത്തോട് പൊരുത്തപ്പെടില്ലെന്നും, വംശീയതയും യഹൂദവിരോധവും സഭാ സേവനത്തോട് യോജിക്കില്ലെന്നും മെത്രാൻമാർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ജർമ്മനിയ്ക്കും യൂറോപ്പിനും ഏറ്റവും വലിയ തീവ്രവാദ ഭീഷണി വലതുപക്ഷ തീവ്രവാദമാണെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, സഭയുടെ സാമൂഹിക സേവന വലിപ്പം പലരും ഓർമ്മിപ്പിക്കുന്നു. കാരിത്താസ്യും ഡിയാക്കോണിയും പോലുള്ള ലോകത്തിലെ വലിയ കാരുണ്യസംഘടനകൾ വഴി ലക്ഷക്കണക്കിന് ആളുകൾക്ക് ദിനംപ്രതി സഹായം ലഭിക്കുന്നു. ആശുപത്രികൾ, വയോജന കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ, കുടുംബസഹായ സേവനങ്ങൾ ഇവയെല്ലാം ജർമ്മനിയുടെ സാമൂഹിക ക്ഷേമവ്യവസ്ഥയുടെ അടിത്തറയാണ്.
കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിദ്യാർത്ഥികൾക്കും ഇന്ന് Caritas, Diakonie പോലുള്ള സഭാ സ്ഥാപനങ്ങൾ വഴി ജർമ്മനിയിൽ നഴ്സിംഗ് പഠനത്തിനും പ്രായോഗിക പരിശീലനത്തിനും അവസരങ്ങൾ ലഭിക്കുന്നുണ്ട്. സ്റ്റൈപൻഡും പരിശീലനസഹായവും വഴി അനേകർ ജീവിതം പടുത്തുയർത്തുകയാണ്.
അതുകൊണ്ട് തന്നെ ചോദ്യം സഭയ്ക്ക് എത്ര പണം ലഭിക്കുന്നു എന്നതിലൊതുങ്ങുന്നില്ല. മനുഷ്യനുവേണ്ടി സംസാരിക്കുന്ന ശബ്ദത്തെ ദുർബലപ്പെടുത്താനാണോ ശ്രമം? ദരിദ്രർക്കും, അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും അവസാന ആശ്രയമായ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കാനാണോ നീക്കം? എന്നതാണ് സമൂഹം ചോദിക്കുന്നത്.
നൂറ്റാണ്ടുകൾ പല പ്രതിസന്ധികളും കണ്ട സഭ, ഈ പരീക്ഷണവും അതിജീവിക്കും. കാരണം സഭയുടെ കരുത്ത് പണത്തിൽ അല്ല വിശ്വാസത്തിൽ, സേവനത്തിൽ, സത്യത്തിൽ, മനുഷ്യസ്നേഹത്തിൽ ആണ്. ജർമ്മനിയിൽ ഉയരുന്ന ഈ പുതിയ വിവാദം, യൂറോപ്പിന്റെ ഭാവി മൂല്യങ്ങളെക്കുറിച്ചുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ സൂചനയായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.