'പാകിസ്ഥാന് പ്രതിരോധ സാങ്കേതിക വിദ്യകള്‍ കൈമാറരുതെന്ന് ഇന്ത്യ'; 2026-27 സഹകരണ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യയും ഇറ്റലിയും

'പാകിസ്ഥാന് പ്രതിരോധ സാങ്കേതിക വിദ്യകള്‍ കൈമാറരുതെന്ന് ഇന്ത്യ'; 2026-27 സഹകരണ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യയും ഇറ്റലിയും

ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉന്നതതല ചര്‍ച്ച നടത്തി ഇന്ത്യയും ഇറ്റലിയും. പാകിസ്ഥാന് തന്ത്രപ്രധാന പ്രതിരോധ സാങ്കേതിക വിദ്യകള്‍ കൈമാറരുതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

ഇന്ത്യയും ഇറ്റലിയും ചരിത്രപരവുമായ നാവിക ശക്തികളാണെന്നും സമാധാനം, സ്ഥിരത, പരസ്പര ബഹുമാനം എന്നി മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഈ പങ്കാളിത്തമെന്നും മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2026-27 കാലയളവിലേക്കുള്ള ഉഭയകക്ഷി സൈനിക സഹകരണ പദ്ധതിയും ഇരുവരും കൈമാറി. ഇന്ത്യയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിക്ക് കീഴില്‍ ആഗോളതലത്തില്‍ സവിശേഷമായ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ സഹകരിക്കാനും സംയുക്ത വ്യവസായ പദ്ധതികള്‍ പര്യവേക്ഷണം ചെയ്യാനും ഇരുപക്ഷവും സമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റലി സന്ദര്‍ശിക്കാനിരിക്കെയാണ് സുപ്രധാന കൂടിക്കാഴ്ച.

സൈനിക സഹകരണ പദ്ധതി അനുസരിച്ച് ഇരുരാജ്യങ്ങളുടെയും സായുധ സേനകള്‍ തമ്മില്‍ കൂടുതല്‍ ഇടപഴകലുകള്‍ നടത്തും. സംയുക്ത സൈനികാഭ്യാസങ്ങള്‍, പരിശീലനങ്ങള്‍, പ്രവര്‍ത്തന ഏകോപനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇന്ത്യന്‍ സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗുരുഗ്രാമിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ വഴി വിവരങ്ങള്‍ പങ്കുവെക്കാനും സമുദ്ര സുരക്ഷാ അവബോധം മെച്ചപ്പെടുത്താനും ധാരണയായി. 2023 ല്‍ റോമില്‍ വെച്ച് ഇരു രാജ്യങ്ങളും സമഗ്രമായ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടിരുന്നു. ഗവേഷണം, വികസനം, സൈനിക വിദ്യാഭ്യാസം, സംയുക്ത സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ നവംബറില്‍ 2025-2029 കാലയളവിലേക്കുള്ള സംയുക്ത തന്ത്രപരമായ കര്‍മ്മ പദ്ധതിയും ഇരുരാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.

നാറ്റോ അംഗമായ ഇറ്റലി ഇന്‍ഡോ-പസഫിക് മേഖലയില്‍ തങ്ങളുടെ സാന്നിധ്യവും പ്രതിരോധ കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ അതിവേഗം വളരുന്ന പ്രതിരോധ വിപണി ഇറ്റലിക്ക് വലിയ അവസരമാണ് നല്‍കുന്നത്. കടുത്ത ഉപാധികളോടെയുള്ള വിദേശ സാങ്കേതികവിദ്യ കൈമാറ്റത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.