സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം: ആലപ്പുഴയില്‍ മരണം രണ്ടായി; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം: ആലപ്പുഴയില്‍ മരണം രണ്ടായി; ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആലപ്പുഴയില്‍ രണ്ടിടങ്ങളിലായി രണ്ട് പേര്‍ മരണപ്പെട്ടു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് 19-ാം വാര്‍ഡ് നീര്‍ക്കുന്നം കളത്തില്‍ വിജയന്റെ മകള്‍ ആര്യമോള്‍ (26), മാവേലിക്കര വഴുവാടി കളീക്കല്‍ വടക്കതില്‍ ബിനു വര്‍ഗീസ് (55) എന്നിവരാണ് മരിച്ചത്.

ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ നഴ്സായിരുന്ന ആര്യമോള്‍ വിദേശത്ത് പോകാനായി രണ്ട് മാസം മുന്‍പ് രാജിവെച്ച് നാട്ടിലെത്തിയത്. ഒരു മാസം മുന്‍പാണ് രോഗലക്ഷണം കണ്ടത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആശുപത്രിവിട്ട് വീട്ടിലെത്തിയ ശേഷം വീണ്ടും പ്രശ്‌നം കണ്ടതോടെ പരുമലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അവിടെ ഒരാഴ്ചയോളം കഴിഞ്ഞ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു.

നിര്‍ധന മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ആര്യ. ബംഗളൂരുവില്‍ വെച്ച് രോഗം പിടിപെട്ടെതാകാമെന്നാണ് സംശയിക്കുന്നത്. അമ്മ: അമ്പിളി. സഹോദരിമാര്‍: സൂര്യ, രേവതി.

ബിനു വര്‍ഗീസ് (55) മാവേലിക്കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ കരാര്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി കലശലായ തലവേദനയുണ്ടായതിനാല്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുറയാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിുകയും ശനിയാഴ്ച മരണം സംഭവിക്കുകയും ആയിരുന്നു.

ശരീരം മരുന്നിനോടു പ്രതികരിക്കാതായപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ റസ്റ്റ് ഹൗസിലെയും വീട്ടിലെയും വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു.

ഭാര്യ: കുളനട വാലില്‍ കുടുംബാംഗം മേരി ബിനു. മക്കള്‍: ഫേബ മറിയം ബിനു, ഹേബ മറിയം ബിനു. സംസ്‌കാരം ചൊവ്വാഴ്ച 12:30 ന് പുതിയകാവ് സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ അമീബ തലച്ചോറിലേക്ക് കടന്നാണ് രോഗകാരണമാകുന്നത്. 97 ശതമാനത്തിലധികം മരണ നിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ അഞ്ച് മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

ലക്ഷണങ്ങള്‍

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാല്‍ ഓര്‍മ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട് ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും ഒഴിവാക്കണം. നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. കിണറുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ തടയുന്നതിനും സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.