“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1:38)
അമലോത്ഭവയായ പരിശുദ്ധ അമ്മ
ദൈവം മനുഷ്യനെ സ്വാഭാവിക നന്മകൾക്കപ്പുറം ദൈവിക ജീവിതത്തിൽ പങ്കാളിയാക്കുവാൻ സൃഷ്ടിച്ചു. ആദിമാതാപിതാക്കൾക്ക് ലഭിച്ച ഈ ദൈവീക ദാനം അവരുടെ സന്തതികൾക്കും ലഭിക്കേണ്ടതായിരുന്നു. എന്നാൽ പാപം മൂലം ആ കൃപ നഷ്ടപ്പെട്ടു; അതിന്റെ ഫലമായി മനുഷ്യർ ആത്മീയമായി ക്ഷയിച്ച അവസ്ഥയിലേക്ക് വീണു.
ഈ ജന്മസിദ്ധമായ അവസ്ഥയാണ് ഉത്ഭവപാപം. അത് വ്യക്തിപരമായ പാപമല്ല; മറിച്ച് ആദാമിന്റെ പാപഫലമായി മനുഷ്യർക്കു വന്ന ദൈവകൃപയുടെ അഭാവാവസ്ഥയാണ്.
“ഒരു മനുഷ്യന്റെ പാപത്താൽ മരണം ആധിപത്യം ചെയ്‌തെങ്കിൽ, യേശുക്രിസ്തുവിലൂടെ ജീവൻ അധികമായി ലഭിക്കും” (റോമർ 5:17) എന്ന വചനം ഇതു വ്യക്തമാക്കുന്നു.
പരിശുദ്ധ മറിയം ഈ ഉത്ഭവപാപത്തിൽ നിന്നു സംരക്ഷിക്കപ്പെട്ടവളാണ് — അതാണ് അമലോത്ഭവം.
“സ്ത്രീയും അവളുടെ സന്തതിയും സർപ്പത്തെ തോല്പിക്കും” (സൃഷ്ടി 3:15) എന്ന വചനവും ഗബ്രിയേൽ ദൂതന്റെ അഭിവാദ്യവും ഇതിന് തെളിവുകളാണ്. ദൈവം മറിയത്തെ അവളുടെ ജനനം മുതൽ കൃപാപൂർണ്ണയാക്കി.
1854-ൽ പരിശുദ്ധ പീയൂസ് IX മാർപാപ്പ അമലോത്ഭവത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചു. പിന്നീട് ലൂർദ്ദിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് “ഞാൻ അമലോത്ഭവയാകുന്നു” എന്ന് വെളിപ്പെടുത്തി.
ജീവിതസന്ദേശം
നമ്മുടെ ദിനചര്യയിൽ പാപസാഹചര്യങ്ങൾ ഉണ്ടാകും. പരിശുദ്ധ അമ്മയുടെ മക്കളായ നാം, പാപരഹിതമായ ജീവിതം നയിക്കാൻ ശ്രമിക്കണം. ജ്ഞാനസ്നാനത്തിലൂടെ ഉത്ഭവപാപത്തിൽ നിന്നും മോചനം ലഭിച്ചാലും, പ്രവർത്തിപാപത്തിൽ നിന്നും ദൈവസഹായത്തോടെ വിമോചനം നേടേണ്ടതുണ്ട്. അമ്മയുടെ മാദ്ധ്യസ്ഥം നമ്മെ സഹായിക്കും.
സംഭവം
ലൂർദ്ദ് ഇന്നും അത്ഭുതങ്ങളുടെ കേന്ദ്രമാണ്. ഫ്രഞ്ച് ഡോക്ടറായ അലക്സിസ് കാരെൽ ആദ്യം നിരീശ്വരവാദിയായിരുന്നു. ചികിത്സിക്കാൻ കഴിയില്ലെന്ന് വിധിച്ച ഒരു രോഗി ലൂർദ്ദിൽ പോയി സുഖം പ്രാപിച്ചതോടെ, അത് പരിശുദ്ധ അമ്മയുടെ അത്ഭുതമാണെന്ന് അദ്ദേഹം അംഗീകരിച്ചു. പിന്നീട് അദ്ദേഹം നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനായി.
പ്രാർത്ഥന
ദൈവമേ, പരിശുദ്ധ കന്യകാമറിയത്തെ അമലോത്ഭവത്തിന്റെ കൃപയാൽ അലങ്കരിച്ച അങ്ങേയ്ക്ക് നന്ദി.
അമലോത്ഭവ ജനനീ, ഞങ്ങൾക്കും പാപരഹിതമായ ജീവിതം നയിക്കാനുള്ള അനുഗ്രഹം നൽകണമേ.
ആത്മശരീര വിശുദ്ധിയോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ.
ആമ്മേൻ.
അഭ്യർത്ഥന
ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ,
പാപികളുടെ സങ്കേതമേ,
ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.
(മൂന്നു പ്രാവശ്യം)
സുകൃതജപം
അമലോത്ഭവജനനീ, മാലിന്യം കൂടാതെ ഞങ്ങളെ കാത്തുകൊള്ളണമേ.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.