കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പാലായിലടക്കം വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ വികാരം ശക്തമാകുകയും യുഡിഎഫ് തരംഗം പ്രകടമാവുകയും ചെയ്തതോടെ അതിന്റെ ഏറ്റവും വലിയ ഇരയായി കേരള കോണ്‍ഗ്രസ് എം മാറി.
എന്നാല്‍ ജോസഫ് ഗ്രൂപ്പിന്റെ വന്‍ തിരിച്ചു വരവാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. മത്സരിച്ച എട്ടില്‍ ഏഴ് മണ്ഡലങ്ങളിലും ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ വിജയം ഉറപ്പിച്ചു. ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം വിജയം ഉറപ്പിച്ചത്. കാഞ്ഞങ്ങാട് മാത്രമാണ് കൈവിട്ടത്.
പാലായില്‍ ജോസ് കെ. മാണിക്ക് പിന്നാലെ പാര്‍ട്ടിയിലെ രണ്ടാമനും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ വലിയ മാര്‍ജിനിലാണ് സിറ്റിങ് സീറ്റായ ഇടുക്കിയില്‍ തോറ്റത്. കാഞ്ഞിരപ്പള്ളിയില്‍ മുതിര്‍ന്ന നേതാവ് എന്‍. ജയരാജിനും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
പി.ജെ. ജോസഫുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് എം, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. 2021 ല്‍ 12 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016 ല്‍ യുഡിഎഫിന്റെ ഭാഗമായും അഞ്ച് സീറ്റിലാണ് പാര്‍ട്ടി വിജയിച്ചത്.
അതേസമയം 2021 ല്‍ കടുത്തുരുത്തി, തൊടുപുഴ മണ്ഡലങ്ങളില്‍ മാത്രം വിജയിച്ചിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണത്തെ മുന്നേറ്റം ഇരട്ടി മധുരമാണ് നല്‍കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ മത്സരിച്ച പാര്‍ട്ടിയുടെ ഫ്രാന്‍സിസ് ജോര്‍ജും മിന്നുന്ന വിജയം നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.