പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതന്റെ വിജയത്തിന് കരുത്തായത് അപര സ്ഥാനാർഥി പിടിച്ച വോട്ടുകൾ. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിനെ 6,510 വോട്ടുകൾക്കാണ് സുമേഷ് അച്യുതൻ പരാജയപ്പെടുത്തിയത്. എന്നാൽ അപര സ്ഥാനാർഥിയായി മത്സരിച്ച മുരുകദാസ് പി.എസ്. നേടിയ വോട്ടുകൾ പരിശോധിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി വ്യക്തമാകുന്നത്.
തിരഞ്ഞെടുപ്പിൽ അപര സ്ഥാനാർഥിയായ മുരുകദാസ് പി.എസ് 6,984 വോട്ടുകളാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർഥിയായ വി. മുരുകദാസിന് ലഭിച്ചതാകട്ടെ 58,815 വോട്ടുകളും. അപരൻ നേടിയ വോട്ടുകൾ ഔദ്യോഗിക സ്ഥാനാർഥിയുടേതിനേക്കാൾ കൂടുതലായതാണ് എൽഡിഎഫിന് തിരിച്ചടിയായത്.
വി. മുരുകദാസിന്റെ ചിഹ്നം മോതിരം ആയിരുന്നുവെങ്കിൽ അപരനായ മുരുകദാസ് പി.എസിന്റെ ചിഹ്നം മാലയായിരുന്നു. പേരിനൊപ്പം ചിഹ്നത്തിലും സാമ്യം തോന്നിയത് വോട്ടർമാരെ വലിയ രീതിയിൽ ആശയക്കുഴപ്പത്തിലാക്കിയെന്നും ഇത് വോട്ട് മറിയാൻ കാരണമായെന്നുമാണ് വിലയിരുത്തൽ.
യുഡിഎഫ് സ്ഥാനാർഥി അഡ്വ. സുമേഷ് അച്യുതൻ വിജയിച്ചത് 65,325 വോട്ടുകൾ നേടിയാണ്. എൽഡിഎഫിൻ്റെ അഡ്വ. വി. മുരുകദാസ് 58,815 വോട്ടുകളും ബിജെപിയുടെ പ്രാണേഷ് രാജേന്ദ്രൻ 14,697 വോട്ടുകളും നേടി.
വിജയിച്ച സുമേഷ് അച്യുതനും മണ്ഡലത്തിൽ അപര സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിലും വി. മുരുകദാസിനെപ്പോലെ വലിയ രീതിയിലുള്ള വോട്ട് ചോർച്ച അദേഹത്തിന് നേരിടേണ്ടി വന്നില്ല. അപരൻ പിടിച്ച 6,984 വോട്ടുകൾ സുമേഷ് അച്യുതന്റെ ഭൂരിപക്ഷത്തേക്കാൾ (6,510) കൂടുതലായതിനാൽ അപരന്റെ സാന്നിധ്യമില്ലായിരുന്നെങ്കിൽ ചിറ്റൂരിലെ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.