'മറ്റാരുണ്ട്... എല്‍ഡിഎഫ് അല്ലാതെ?' എന്ന ചോദ്യത്തിന് കേരളം നല്‍കിയ ഉത്തരം: 'യുഡിഎഫ്@102'

'മറ്റാരുണ്ട്... എല്‍ഡിഎഫ് അല്ലാതെ?' എന്ന ചോദ്യത്തിന് കേരളം നല്‍കിയ ഉത്തരം: 'യുഡിഎഫ്@102'

'എല്‍ഡിഎഫ് വരും കേട്ടോ' എന്ന് പിണറായി പറഞ്ഞത് 'യുഡിഎഫ് വന്നു കേട്ടോ' എന്ന് ജനം തിരുത്തി.

കൊച്ചി: കേരളത്തിലെ ജനങ്ങളുടെ 250 കോടിയോളം വരുന്ന നികുതിപ്പണം ചിലവഴിച്ച് തിരഞ്ഞെടുപ്പ് വേളയില്‍ പിണറായി സര്‍ക്കാര്‍ ഒരു ചോദ്യം ചോദിച്ചു. 'മറ്റാരുണ്ട്... എല്‍ഡിഎഫ് അല്ലാതെ?' മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ചുള്ള ആ ചോദ്യവുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം വലിയ ഹോര്‍ഡിങുകള്‍ ഉയര്‍ത്തി.

ഇത് തങ്ങളുടെ കൂടി കാശുമുടക്കുള്ള ചോദ്യമല്ലേ?.. ജനങ്ങള്‍ ഗൗരവപൂര്‍വ്വം അന്വേഷിച്ചു... 'എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്?'.. ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാര്‍ വോട്ടിങ് യന്ത്രത്തില്‍ പരതിയതും അതുതന്നെയായിരുന്നു... 'മറ്റാരുണ്ട്... എല്‍ഡിഎഫ് അല്ലാതെ?'. അതിനുള്ള ഉത്തരമാണ് ഇന്ന് ലഭിച്ചത്... യുഡിഎഫ് @ 102.

'എല്‍ഡിഎഫ് വരും കേട്ടോ' എന്ന് പിണറായി പറഞ്ഞത് 'യുഡിഎഫ് വന്നു കേട്ടോ' എന്ന് ജനം തിരുത്തി. മാത്രമല്ല, കുറിയ്ക്ക് കൊള്ളുന്നതായിരുന്നു ആ തിരുത്തല്‍. തിരുത്തേണ്ടവരെയെല്ലാം തിരഞ്ഞ് പിടിച്ച് തിരുത്തി. ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പുതിയ നരേറ്റീവ് ഉണ്ടാക്കി ന്യായീകരണം പതിവാക്കിയ സകല മന്ത്രിമാരെയും ഇടത് നേതാക്കളെയും തിരഞ്ഞ് പിടിച്ച് തോല്‍പ്പിച്ചു.

പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായതിനാല്‍ ധര്‍മടത്ത് ജയിച്ചെങ്കിലും അവസാന നിമിഷം വരെ അവിടെയുള്ള വോട്ടര്‍മാര്‍ പിണറായി വിജയനെ പോലും വിറപ്പിച്ചു. ജനങ്ങളുടെ ഉഗ്ര കോപത്തില്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപെട്ടത് സിപിഎം മന്ത്രിമാരായ സജി ചെറിയാനും മുഹമ്മദ് റിയാസും സിപിഐ മന്ത്രിമാരായ കെ.രാജനും പി. പ്രസാദും ജി.ആര്‍. അനിലും മാത്രം.

എത്ര വിവേകത്തോടെയാണ് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം നിറവേറ്റിയതെന്ന് ഇത്തവണത്തെ വോട്ടിങ് പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനിടയിലും, ലൈംഗിക ആരോപണ വിധേയനായ മുന്‍ സിപിഎം എംഎല്‍എ പി.കെ ശശി പാര്‍ട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിച്ചെങ്കിലും 26,910 വോട്ടിന്റെ വലിയ മാര്‍ജിനില്‍ പരാജിതനായി. അര്‍ഹതയില്ലാത്ത ആള്‍ ജയിക്കേണ്ടെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചു.

മരണപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി പിരിച്ച ഫണ്ടില്‍ നിന്നും തുക അടിച്ചു മാറ്റിയെന്ന് ആരോപണം നേരിട്ട പാര്‍ട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലെ സിറ്റിങ് എംഎല്‍എ ടി.ഐ മധുസുതനനെയും വോട്ടര്‍മാര്‍ ശിക്ഷിച്ചു. സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെന്ന വിമത സ്ഥാനാര്‍ത്ഥിയെയാണ് ജനം വിജയിപ്പിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള തളിപ്പറമ്പില്‍ നേരിട്ടതും സമാന രീതിയിലുള്ള പരാജയമാണ്. മണ്ഡലത്തിലെ അര്‍ഹരായ സഖാക്കള്‍ക്ക് സീറ്റ് നല്‍കാതെ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മിറ്റിയംഗം ടി.കെ ഗോവിന്ദന്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അപചയത്തിനെതിരെ വലിയ പ്രചാരണം നടന്ന മണ്ഡലത്തില്‍ ശ്യാമളയ്ക്ക് പച്ച തൊടാനായില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന താരമായിരുന്ന ബാലുശേരിയിലെ യുവ സിറ്റിങ് എംഎല്‍എ സച്ചിന്‍ ദേവും വോട്ടര്‍മാരുടെ ഹിറ്റ് ലിസ്റ്റിലായിരുന്നു. ഭാര്യയും തിരുവനന്തപുരം മുന്‍ മേയറുമായിരുന്ന ആര്യ രാജേന്ദ്രനൊപ്പം കെഎസിആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

അധികാരം എംഎല്‍എയോടും മേയറായ ഭാര്യയോടും ഒപ്പം നിന്നപ്പോള്‍     യദുകൃഷ്ണന്‍ എന്ന  കെഎസിആര്‍ടിസി  ഡ്രൈവര്‍ അവസാനം പ്രതിയായി  മാറി. പാര്‍ട്ടിക്ക് കാര്യമായ വേരോട്ടമുള്ള ബാലുശേരിയിലെ സിറ്റിങ് എംഎല്‍എ ആയിട്ടും സച്ചിന്‍ ദേവിനെയും വോട്ടര്‍മാര്‍ വെറുതേ വിട്ടില്ല. പ്രാദേശിക യുത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി സൂരജിനെയാണ് അവര്‍ തിരഞ്ഞെടുത്തത്. ഇത്തരത്തില്‍ തങ്ങള്‍ക്ക് ലഭിച്ച രാഷ്ട്രീയ അധികാരം ആധിപത്യമായി കണ്ട സകലരെയും ജനങ്ങള്‍ തിരഞ്ഞ് പിടിച്ച് തോല്‍പിക്കുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടത്.

അഴിമതി ആരോപണങ്ങളേക്കാള്‍ ഉപരി നിരവധി പോരായ്മകള്‍ നിറഞ്ഞ ഭരണമായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റേത്. പ്രതിപക്ഷവും മാധ്യമങ്ങളും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ 'കടക്ക് പുറത്ത്' എന്ന സമീപനം സ്വീകരിച്ചു മുഖ്യമന്ത്രിയും സര്‍ക്കാരും. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും സംശയങ്ങള്‍ ചോദിച്ചാല്‍ 'വീട്ടില്‍ പോയി ചോദിക്ക്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട്.

അതിനെ തിരുത്താന്‍ പാര്‍ട്ടിയോ, ഇടത് മുന്നണിയോ തയ്യാറായതുമില്ല... പകരം ഓശാന പാടിക്കൊടുത്തു. അവസാനം, 'ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്' എന്ന പാര്‍ട്ടി സെക്രട്ടറിയുടെ ഒരു പതിവ് ഡയലോഗും. പക്ഷേ, അത് കൃത്യമായി... ജനങ്ങള്‍ എല്ലാം കാണുന്നുണ്ടായിരുന്നു. സമയം സമാഗതമായപ്പോള്‍ അവര്‍ കൃത്യമായി തന്നെ പ്രതികരിക്കുകയും ചെയ്തു.

മന്ത്രസഭയില്‍ ഒപ്പമുള്ളവര്‍ ഏകദേശമെങ്കിലും തുല്യ ശക്തരല്ലെങ്കില്‍ മുഖ്യ ഭരണാധികാരി സ്വേച്ഛാധിപതിയായി മാറും എന്നതിന് വ്യക്തമായ തെളിവായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന മന്ത്രിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം കണ്ടത്.

'തിരുവായ്ക്ക് എതിര്‍വാ' ഇല്ലാത്ത അവസ്ഥ... പുതിയ യുഡിഎഫ് സര്‍ക്കാരിന് അത്തരമൊരു ഗതികേട് ഉണ്ടാകരുത്. പിണറായിസം ആവര്‍ത്തിച്ചാല്‍ പരമാവധി അഞ്ച് വര്‍ഷം... അത് കഴിഞ്ഞാല്‍ ജനാധിപത്യത്തില്‍ പരമാധികാരികളായ ജനം ചെവിക്ക് പിടിച്ച് പുറത്താക്കും... ഓര്‍മയില്‍ അതുണ്ടാവണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.