പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് സാധ്യത: കേന്ദ്ര സുരക്ഷാ സേന സംസ്ഥാനത്ത് തുടരും

പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് സാധ്യത: കേന്ദ്ര  സുരക്ഷാ സേന സംസ്ഥാനത്ത് തുടരും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് കേന്ദ്ര സുരക്ഷാ സേന സംസ്ഥാനത്ത് തുടരും. തൃണമൂല്‍ കോണ്‍ഗ്രസിനെ (ടി.എം.സി) പരാജയപ്പെടുത്തി ബിജെപി വന്‍ വിജയം കൈവരിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം.

സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ള സേന ഏതാനും ദിവസങ്ങള്‍ കൂടി അവിടെ തുടരും. തിരഞ്ഞെടുപ്പിന് ശേഷം എതിരാളികളെയും അനുഭാവികളെയും ലക്ഷ്യമിടുന്ന ഒരു സംസ്‌കാരം ബംഗാളിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സേനയുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കുമെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അക്രമങ്ങള്‍ തടയാന്‍ അടുത്ത ഏതാനും ആഴ്ചകള്‍ കൂടി സേനയുടെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതൃത്വം സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ബംഗാള്‍ പൊലീസിനോടും കേന്ദ്ര സേനയോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാജയപ്പെട്ടതിനാല്‍ ടിഎംസി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. എന്നാല്‍ ചില ബിജെപി പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ ഏര്‍പ്പെടുമോ എന്ന ഭയമുണ്ട്.

നഗര പ്രദേശങ്ങളില്‍ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ എളുപ്പമാണെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ സമഗ്രമായ നിരീക്ഷണം നിലനിര്‍ത്തുന്നത് അത്ര എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത്തവണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിലെ രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് ബംഗാളില്‍ വിന്യസിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.