കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ എയറില്‍ നിര്‍ത്തി സിപിഎം അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍.
തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ കുറിപ്പ് പങ്കുവച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് സിപിഎം അനുകൂല അക്കൗണ്ടുകളില്‍ നിന്ന് രൂക്ഷമായ കമന്റുകള്‍ വരുന്നത്.
2021 ല്‍ 62 സീറ്റുകളില്‍ വിജയിച്ച സിപിഎം ഇത്തവണ 26 സീറ്റുകളിലായി ഒതുങ്ങി. പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകള്‍ തിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന. ഈ പ്രസ്താവന പങ്കുവച്ചു കൊണ്ടുള്ള എം.വി ഗോവിന്ദന്റെ പോസ്റ്റിലാണ് രൂക്ഷമായ ഭാഷയില്‍ കമന്റുകളുയര്‍ന്നത്.
എം.വി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ഭൂരിപക്ഷം കമന്റുകളിലും ആവശ്യപ്പെടുന്നത്. പകരം എം. സ്വരാജിനെയോ പി. ജയരാജനെയോ പാര്‍ട്ടി സെക്രട്ടറിയാക്കണമെന്നും സിപിഎം അനുകൂലികളെന്ന് കരുതുന്നവര്‍ കമന്റിട്ടിട്ടുണ്ട്.
എം.വി ഗോവിന്ദന്‍ സെക്രട്ടറിയായത് വന്‍ പരാജയമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എതിര്‍പ്പുകള്‍ മറികടന്ന് തളിപ്പറമ്പില്‍ ഭാര്യ പി.കെ ശ്യാമളയ്ക്ക് സീറ്റ് നല്‍കിയതടക്കം എം.വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് ആക്കം കൂട്ടിയെന്നും വിമര്‍ശകര്‍ പറഞ്ഞു.
എം.വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയില്ലെങ്കില്‍ ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥയാകും കേരളത്തിലും വരാനിരിക്കുന്നതെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. 'മുന്നില്‍ വരുന്നവരെ കണ്ടാല്‍ ഒന്ന് മിണ്ടാനെങ്കിലും പറ്റണം സഖാവേ' എന്ന് ഒരാള്‍ കമന്റിട്ടപ്പോള്‍ 'ഇറങ്ങിപ്പോണം സഖാവേ, ജനങ്ങള്‍ അംഗീകരിക്കുന്നവരാണ് വരേണ്ടത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതിനിടെ എല്‍ഡിഎഫിന്റെ തോല്‍വിക്ക് പിന്നാലെയുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ വിശദീകരണ പോസ്റ്റിന് താഴെയും അണികള്‍ ഉറഞ്ഞു തുള്ളി. കണ്ണൂരിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം രാഗേഷിനും എം.വി ഗോവിന്ദനും ആണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. പി. ജയരാജന്‍ ആയിരുന്നു ജില്ലാ സെക്രട്ടറി എങ്കില്‍ കണ്ണൂര്‍ പാര്‍ട്ടിക്ക് ഇത്രയും ക്ഷീണം വരില്ലായിരുന്നുവെന്നും കമന്റില്‍ പറയുന്നു.
'പാര്‍ട്ടി കോട്ടകളില്‍ പോലും വിള്ളലുകള്‍ വീഴുമ്പോള്‍ അത് വെറുമൊരു ഭരണ പരാജയമായല്ല, മറിച്ച് നേതൃത്വത്തിന്റെ പിടിപ്പുകേടായി തന്നെ കാണേണ്ടതുണ്ട്. ഇന്ന് പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും ആവശ്യം ഓരോ വാചകത്തിലും സിദ്ധാന്തങ്ങള്‍ കുത്തിനിറച്ച പാര്‍ട്ടി ക്ലാസ്സുകള്‍ എടുക്കുന്ന സെക്രട്ടറിയെയല്ല. മറിച്ച് രാഷ്ട്രീയ എതിരാളികളുടെ നുണ പ്രചാരണങ്ങളെ വാക്കിന്റെ മൂര്‍ച്ച കൊണ്ട് പ്രതിരോധിക്കുന്ന പോരാളിയെയാണ്'
'ആദ്യം നിങ്ങള്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കുക നിങ്ങളെക്കൊണ്ടൊന്നും കൂട്ടിയാല്‍ കൂടില്ല' എന്നും കെ.കെ രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പ്രവര്‍ത്തകര്‍ കമന്റിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.