പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 6 | ആറാം ദിവസം

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 6 | ആറാം ദിവസം

“മറിയം പറഞ്ഞു: ‘ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!’ അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മാറി.”
(ലൂക്കാ 1:38)

പരിശുദ്ധ കന്യകയുടെ എളിമ
ലോകപരിത്രാതാവിന്റെ ആഗമനം സമീപിച്ചു എന്ന് യഹൂദ വിശ്വാസികൾ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹസ്വപ്നങ്ങൾ കണ്ടിരിക്കണം. എന്നാൽ പരിശുദ്ധ മറിയം ദൈവമാതാവിന്റെ ദാസിയാകാനായിരിക്കും ആഗ്രഹിച്ചത്. അവൾ രക്ഷകന്റെ ആഗമനത്തിനായി പ്രാർത്ഥിച്ചിരുന്നു. എന്നാൽ തനിക്ക് ആ ദൈവകുമാരന്റെ മാതാവാകാനുള്ള യോഗ്യതയുണ്ടെന്ന് കരുതിയിരുന്നില്ല.

പരിശുദ്ധ കന്യകയുടെ എളിമയാണ് ത്രിത്വത്തിലെ രണ്ടാമത്തെ സുതനായ ദൈവത്തെ അവളുടെ പക്കലേക്ക് ആകർഷിച്ചതെന്ന് വിശുദ്ധ അഗസ്തീനോസ് പറയുന്നു. മറിയത്തിന്റെ അഗാധമായ എളിമ അവളുടെ കൃതജ്ഞതാഗീതം തന്നെ വ്യക്തമാക്കുന്നു.
“എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചു. എന്തെന്നാൽ അവൻ തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇതാ ഇനി മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതിയെന്ന് വിളിക്കും.”
(വി. ലൂക്കാ 1:46–48)

പരിശുദ്ധ കന്യക ദൈവത്തെ മഹത്വപ്പെടുത്തുന്നത് സ്തോത്രഗീത സമയത്ത് മാത്രമല്ല; അവളുടെ ജീവിതകാലം മുഴുവനും അതു ചെയ്തിരുന്നു.
യഥാർത്ഥ എളിമ എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്ന് മറിയം സ്തോത്രഗീതത്തിലൂടെ വ്യക്തമാക്കുന്നു. ദൈവത്തെയും നമ്മളെയും അറിയുക; ആ യഥാർത്ഥ ജ്ഞാനത്തിന്റെ പ്രകാശത്തിൽ ദൈവത്തോടും മറ്റു സൃഷ്ടികളോടും ഉള്ള ബന്ധത്തിൽ അർഹമായ സ്ഥാനം നൽകുക — അതാണ് എളിമ. പരിശുദ്ധ അമ്മ അവളുടെ മഹത്വത്തിന്റെ കാരണം എളിമയാണെന്ന് പ്രഖ്യാപിക്കുന്നു.

“തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും” എന്ന ക്രിസ്തുനാഥന്റെ ദിവ്യവചനങ്ങൾ ദിവ്യജനനി മുൻകൂട്ടി മനസ്സിലാക്കി പ്രാവർത്തികമാക്കിയതാണ്. “എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും” — പരിശുദ്ധ കന്യക ഒരു പ്രവചനം നടത്തുകയാണ്. ആ പ്രവചനം എത്ര സാർത്ഥകമായിരുന്നുവെന്ന് തിരുസഭാചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് കാണാൻ സാധിക്കുന്നു. വിശുദ്ധന്മാർ എല്ലാവരും മറിയത്തെ പ്രകീർത്തിക്കുന്നതിൽ ഉത്സുകരായിരുന്നുവെന്ന്, ക്രിസ്ത്യാനികൾ മാത്രമല്ല, അക്രൈസ്തവരും മറിയത്തെ സ്തുതിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്നതായും കാണാം.
ദൈവമാതാവ് എന്ന ഉന്നതസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടിട്ടും, മറിയം നസറത്തിലെ വിനീത കന്യകയായിട്ടാണ് ജീവിച്ചത്. എലിസബത്തിനെ ശുശ്രൂഷിക്കുവാൻ പോയപ്പോഴും, ക്രിസ്തുനാഥന്റെ ജനനത്തിലും, ഈജിപ്തിലേക്കുള്ള പലായനത്തിലും — എല്ലായിടത്തും മറിയത്തിന്റെ വിനയവും എളിമയും തെളിഞ്ഞുനിൽക്കുന്നു. പരിശുദ്ധ മാതാവിന്റെ മക്കളായ നാം അമ്മയെ അനുകരിച്ചു എളിമയുള്ളവരാകണം. എളിമയുള്ളവർ ഭാഗ്യവാന്മാർ; കാരണം ഭൂമി അവർ അവകാശമാക്കും എന്ന ക്രിസ്തുനാഥന്റെ വചനങ്ങൾ നമ്മുടെ ജീവിതത്തിലും സഫലമാകട്ടെ.

സംഭവം
ഇസ്ലാം മതസ്ഥാപകനായ മുഹമ്മദും, ഖുറാൻ ഭാഷ്യകർത്താക്കളും മറ്റു പല വ്യക്തികളും പരിശുദ്ധ കന്യകയെ സ്തുതിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇന്ന് വിശ്വവ്യാപകമായ നിത്യസഹായ മാതാവിനോടുള്ള ഭക്തി പ്രസിദ്ധമാണ്. 1970-ൽ ബാംഗ്ലൂരിലെ നാഷണൽ കാറ്റക്കറ്റിക്കൽ ആൻഡ് ലിറ്റർജിക്കൽ സെന്ററിൽ ഒരു പരിപാടി നടന്നു.
ഈ പരിപാടിയിൽ ഒരു പാഴ്സി, ഒരു മുസ്ലിം, ഒരു ഹിന്ദു — ഇങ്ങനെ മൂന്നു പേർ അവരുടെ മാനസാന്തര അനുഭവങ്ങൾ പങ്കുവച്ചു. ഇവരുടെ മാനസാന്തരത്തിന് കാരണമായത് പരിശുദ്ധ കന്യകയോടുള്ള ഭക്തിയാണെന്ന് അവർ സാക്ഷ്യപ്പെടുത്തി. പ്രത്യേകിച്ച് ഒരു ഹിന്ദുവിന്റെ അനുഭവം ശ്രദ്ധേയമാണ്. അദ്ദേഹം ഒരു നാസ്തികനായിരുന്നു. പിന്നീട് ദിവ്യരക്ഷ സഭയുടെ ദൈവാലയത്തിൽ നിത്യസഹായമാതാവിന്റെ നവേനയിൽ പങ്കെടുക്കുവാൻ ഇടയായി.
ജോലി ലഭിക്കാനായി ഒമ്പത് ദിവസം നവേനയിൽ പങ്കെടുക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. രണ്ടുദിവസത്തിനകം തന്നെ ജോലി ലഭിച്ചു. ഇത് മാതാവിന്റെ സഹായമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പിന്നീട് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയും 1965-ൽ സഭയിൽ അംഗമാവുകയും ചെയ്തു.

അതിനാൽ പിതൃസ്വത്തായി ലഭിക്കേണ്ടിയിരുന്ന വലിയൊരു തുക നഷ്ടപ്പെട്ടെങ്കിലും, “എനിക്ക് സമാധാനവും സംതൃപ്തിയും ലഭിച്ചു” എന്നാണ് അദ്ദേഹം പറഞ്ഞത്. “എനിക്ക് സ്വർഗ്ഗീയ മാതാവായ പരിശുദ്ധ കന്യകാമറിയം ഉള്ളപ്പോൾ ലോകസമ്പത്ത് എല്ലാം നിസ്സാരമാണ്” എന്നും അദ്ദേഹം തുറന്നുപറഞ്ഞു.


പ്രാർത്ഥന
ദൈവമാതാവായ പരിശുദ്ധ കന്യകേ, അങ്ങയുടെ വിസ്മയകരമായ എളിമയെ ചിന്തിക്കുമ്പോൾ ഞങ്ങൾ ലജ്ജിതരാകുന്നു. അങ്ങയെയും അങ്ങയുടെ തിരുക്കുമാരനെയും അനുകരിച്ച് എളിമയോടെ ജീവിക്കാൻ ഞങ്ങൾക്ക് കൃപ നല്കണമേ.
ഞങ്ങളുടെ അഹങ്കാരത്താൽ പലപ്പോഴും ദൈവത്തെ ദുഃഖിപ്പിച്ചിരിക്കുന്നു. ഇനി മുതൽ വിശ്വസ്തതയോടെ ദൈവത്തെയും അങ്ങയെയും സ്നേഹിച്ച് സേവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
വിശുദ്ധ ബർണാർദ്ദോസിന്റെ ജപം
എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തിൽ അഭയം തേടി വരുന്നവരെ നീ ഒരിക്കലും കൈവിടുന്നില്ലെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കന്യകമാരുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തോടെ ഞാൻ നിന്റെ തിരുപാദങ്ങളിൽ അഭയം പ്രാപിക്കുന്നു.
പാപിയായ ഞാൻ നിന്റെ ദയയെ ആശ്രയിച്ച് നിന്റെ മുമ്പിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ.
ആമ്മേനീശോ.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഞങ്ങൾ നിന്റെ സങ്കേതത്തിൽ അഭയം തേടുന്നു. ഞങ്ങൾക്കായി നിന്റെ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ.
1 സ്വർഗ്ഗം, 1 നന്മ, 1 ത്രിത്വം
(മൂന്നു പ്രാവശ്യം ചൊല്ലുക)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.