രക്ത പരിശോധനയില്ലാതെ ഒരു നിശ്വാസത്തിലൂടെ പ്രമേഹം അറിയാം: വിപ്ലവകരമായ കണ്ടുപിടിത്തവുമായി കുസാറ്റ് ഗവേഷകര്‍

രക്ത പരിശോധനയില്ലാതെ ഒരു നിശ്വാസത്തിലൂടെ പ്രമേഹം അറിയാം: വിപ്ലവകരമായ കണ്ടുപിടിത്തവുമായി കുസാറ്റ് ഗവേഷകര്‍

കൊച്ചി: പ്രമേഹം സംബന്ധിച്ച പരിശോധന കൂടുതല്‍ ലളിതവും ചെലവ് കുറഞ്ഞതുമാക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍. രക്തം പരിശോധിക്കാതെ തന്നെ ഒരാളുടെ ശ്വാസത്തില്‍ നിന്ന് പ്രമേഹ സാധ്യതയും ഫിറ്റ്‌നസും കണ്ടെത്താന്‍ കഴിയുന്ന 'മിനിയേച്ചറൈസ്ഡ് ട്രൈബോ ഇലക്ട്രിക് ബ്രീത്ത് അസറ്റോണ്‍ സെന്‍സര്‍' ആണ് ഗവേഷക സംഘം വികസിപ്പിച്ചത്.

വിരലില്‍ നിന്ന് രക്തം കുത്തിയെടുത്ത് പരിശോധിക്കുന്ന രീതിക്ക് പകരമായി, വെറും നിശ്വാസത്തിലൂടെ രോഗ നിര്‍ണയം നടത്താം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

സാങ്കേതിക വിദ്യയും പ്രവര്‍ത്തനവും

സാധാരണ പരിശോധനാ ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് പ്രവര്‍ത്തിക്കാന്‍ ബാറ്ററിയോ പുറമേ നിന്നുള്ള വൈദ്യുതിയോ ആവശ്യമില്ല. ഒരു നൈലോണ്‍ ഫിലിമും കോപ്പര്‍ ഷീറ്റും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഉപയോക്താവ് ശ്വാസം വിടുമ്പോള്‍ ഉണ്ടാകുന്ന ചലനത്തില്‍ നിന്ന് തന്നെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഈ സെന്‍സറിന് സാധിക്കും. ശ്വാസത്തിലുള്ള 'അസറ്റോണ്‍' എന്ന ഘടകത്തെ തിരിച്ചറിഞ്ഞാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
പ്രമേഹ രോഗികളിലും കീറ്റോ അസിഡോസിസ് സാധ്യതയുള്ളവരിലും ശ്വാസത്തിലെ അസറ്റോണിന്റെ അളവ് കൂടുതലായിരിക്കും. മുറിയിലെ സാധാരണ താപനിലയില്‍ തന്നെ അതിവേഗം ഫലം നല്‍കാന്‍ ഈ കുഞ്ഞന്‍ ഉപകരണത്തിന് കഴിയും.

ഫിറ്റ്‌നസ് ട്രാക്കിങിനും സഹായകം

പ്രമേഹ നിര്‍ണയത്തിന് പുറമെ കായികതാരങ്ങള്‍ക്കും ഫിറ്റ്‌നസ് പ്രേമികള്‍ക്കും ഈ ഉപകരണം ഏറെ പ്രയോജനപ്പെടും. ശരീരത്തിലെ കലോറി എത്രത്തോളം എരിയുന്നുണ്ടെന്ന് അസറ്റോണ്‍ അളവ് പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാന്‍ സാധിക്കും. വ്യായാമ വേളയില്‍ ശരീരം കൊഴുപ്പ് എരിച്ചുകളയുമ്പോള്‍ ശ്വാസത്തില്‍ അസറ്റോണ്‍ വര്‍ധിക്കുന്നത് ഇതിലൂടെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കും.

ഗവേഷക സംഘം

കുസാറ്റ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി വകുപ്പ് പ്രൊഫസറും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസ് ഡയറക്ടറുമായ ഡോ. ഹണി ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടത്തിന് പിന്നില്‍. റിസര്‍ച്ച് സ്‌കോളര്‍ ഡോ ധനു ട്രീസ മാത്യു, പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ അന്‍ഷിദ മായീന്‍, അപ്ലൈഡ് കെമിസ്ട്രി വകുപ്പ് പ്രൊഫസറും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സുമായ ഡോ. എന്‍ മനോജ് എന്നിവരുമാണ് ഗവേഷണത്തില്‍ പങ്കാളികളായത്.

കണ്ടുപിടിത്തത്തിന് കേന്ദ്ര സര്‍ക്കാര്‍ പേറ്റന്റ് അനുവദിച്ചു. നിര്‍മാണച്ചെലവ് വളരെ കുറവായതിനാല്‍ ഗ്രാമ പ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ രോഗ പരിശോധന നടത്താന്‍ ഇത് സഹായിക്കും. ലാബുകളില്‍ പോകാതെ തന്നെ വീടുകളില്‍ വച്ച് ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.