തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിര്‍ണായക നീക്കങ്ങളിലേക്ക് കടക്കുന്ന് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് രാവിലെ 10:30 ന് കെപിസിസി ആസ്ഥാനത്ത് ചേരും. എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുന്നത്.
പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ എംഎല്‍എമാരുടെ അഭിപ്രായത്തിന് പുറമെ ഘടകകക്ഷി നേതാക്കളുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാടുകള്‍ നിരീക്ഷകര്‍ തേടും. ഇന്നലെ രാത്രിയോടെ തന്നെ നിരീക്ഷകര്‍ തലസ്ഥാനത്തെത്തിയിരുന്നു. ഓരോ എംഎല്‍എമാരുമായും ഇവര്‍ വ്യക്തിഗത ചര്‍ച്ചകള്‍ നടത്തും.
63 പാര്‍ട്ടി എം.എല്‍.എമാരെയും പ്രത്യേകം കണ്ടാകും നിരീക്ഷകര്‍ അഭിപ്രായം തേടുക. ഇന്ന് തന്നെ കൂടിക്കാഴ്ച പൂര്‍ത്തിയാക്കിയേക്കും. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നത്. എം.എല്‍.എമാരെ ഒപ്പം നിറുത്താന്‍ ഇവരുടെ അടുപ്പക്കാര്‍ തീവ്ര ശ്രമത്തിലുമാണ്. വേണുഗോപാലിന് വേണ്ടി എ.പി അനില്‍കുമാറും മാത്യു കുഴല്‍നാടനും സതീശനു വേണ്ടി മുഹമ്മദ് ഷിയാസും ഹൈബി ഈഡനും ചെന്നിത്തലയ്ക്കുവേണ്ടി ടി.ജെ വിനോദ്, ഐ.സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവരും എം.എല്‍.എമാരുമായി ആശയവിനിമയം നടത്തി.
അതേസമയം നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ലെങ്കില്‍, അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കാനാണ് സാധ്യത. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നിന്നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
വരും ദിവസങ്ങളില്‍ തന്നെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.