'മുടിയനായ പുത്രനെപ്പോലെ' സ്വീകരിക്കും; കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ചര്‍ച്ച മതിയെന്ന് അപു ജോണ്‍ ജോസഫ്

'മുടിയനായ പുത്രനെപ്പോലെ' സ്വീകരിക്കും; കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ചര്‍ച്ച മതിയെന്ന് അപു ജോണ്‍ ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസുകള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ചര്‍ച്ചകള്‍ മതിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് അപു ജോണ്‍ ജോസഫ്. ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) മടങ്ങി വന്നാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി സ്വീകരിക്കുന്നത് പോലെ പാര്‍ട്ടി അവരെ വരവേല്‍ക്കുമെന്നും അദേഹം പറഞ്ഞു.

മടങ്ങി വരവിനായി അവര്‍ തെറ്റുകള്‍ ഏറ്റുപറയേണ്ട ആവശ്യമില്ലെന്നും കേരള രാഷ്ട്രീയത്തില്‍ അവര്‍ നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്നും അപു കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ഇല്ലാത്തത് ദുഖകരമായ കാര്യമാണെന്നും അദേഹം പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് അപു ജോണ്‍ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിനായി ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്തത് കേരള കോണ്‍ഗ്രസാണ്. അതുകൊണ്ട് തന്നെ മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി അറിയുന്ന പ്രസ്ഥാനമെന്ന നിലയില്‍ ഇത്തവണ കൃഷിവകുപ്പ് പാര്‍ട്ടിക്ക് ലഭിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എത്ര മന്ത്രിസ്ഥാനം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് അന്തിമ തീരുമാനമെടുക്കുമെന്നും അപു വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.