പതിവ് രീതി മാറ്റി; വിജയ് മന്ത്രിസഭയില്‍ പ്രൊഫഷണലുകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന

പതിവ് രീതി മാറ്റി; വിജയ് മന്ത്രിസഭയില്‍  പ്രൊഫഷണലുകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന

വിജയ് മന്ത്രിസഭയില്‍ അംഗങ്ങളായ എസ്. കീര്‍ത്തന, കെ.എ. സെങ്കോട്ടയ്യന്‍, ആദവ് അര്‍ജുന എന്നിവര്‍.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് അറുതി വരുത്തി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു.

വിജയ്‌ക്കൊപ്പം ഒമ്പത് ടിവികെ നേതാക്കളാണ് ആദ്യഘട്ടത്തില്‍ മന്ത്രിമാരായി ചുമതലയേറ്റത്. ഒരു മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ഡോക്ടര്‍മാര്‍, സിനിമാ താരങ്ങള്‍ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന ഒരു സംഘത്തെയാണ് ഭരണത്തിനായി വിജയ് തിരഞ്ഞെടുത്തത്.

മന്ത്രിസഭയിലെ പ്രമുഖര്‍:

എസ്. കീര്‍ത്തന: ശിവകാശിയില്‍ നിന്നുള്ള എംഎല്‍എയും നടിയുമായ ഇരുപത്തൊമ്പതുകാരി കീര്‍ത്തനയാണ് വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.

ഡോ. കെ.ജി അരുണ്‍രാജ്: തമിഴ്നാട് കേഡറിലെ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ഇദേഹം തിരുച്ചെങ്കോട് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. പാര്‍ട്ടിയുടെ നയ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ.ജി അരുണ്‍രാജ്.

എന്‍. ആനന്ദ്: വിജയ് ഫാന്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായ ഇദ്ദേഹം ചെന്നൈയിലെ ടി. നഗറില്‍ നിന്നാണ് ജയിച്ചത്. വിജയ്‌യുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളാണ് ആനന്ദ്.

ആദവ് അര്‍ജുന: മുന്‍ ദേശീയ ബാസ്‌ക്കറ്റ്ബോള്‍ താരവും രാഷ്ട്രീയ തന്ത്രജ്ഞനുമായ ഇദേഹം വില്ലിവാക്കം മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ മുന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന ആദവ് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകനുമാണ്.

കെ.എ. സെങ്കോട്ടയ്യന്‍: അഞ്ച് പതിറ്റാണ്ടുകാലം എഐഎഡിഎംകെയില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാവായ സങ്കോട്ടയ്യന്‍ കഴിഞ്ഞ വര്‍ഷമാണ് വിജയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പി. വെങ്കടരമണന്‍: വിജയ്‌യുടെ ദീര്‍ഘകാല മാനേജരും അഭിഭാഷകനുമായ വെങ്കടരമണന്‍ മൈലാപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. പാര്‍ട്ടിയുടെ ട്രഷറര്‍ കൂടിയാണ്.

നടനും പ്രഭാഷകനുമായ രാജ്മോഹന്‍ അറുമുഖം, ദന്ത ഡോക്ടറായ ഡോ. ടി.കെ. പ്രഭു, പാര്‍ട്ടിയുടെ ഐടി വിഭാഗം മേധാവി നിര്‍മല്‍ കുമാര്‍ എന്നിവരും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നു.

പുതിയ മന്ത്രിസഭയിലെ ആദ്യ പട്ടികയിലുള്ള എല്ലാവരും തമിഴക വെട്രി കഴകം അംഗങ്ങളാണ്. ടിവികെയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധികളാരും ആദ്യ ഘട്ടത്തില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. പതിവ് രീതി മാറ്റി പ്രൊഫഷണലുകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്നതിലൂടെ തമിഴ്നാട് ഭരണത്തില്‍ വലിയൊരു മാറ്റമാണ് മുഖ്യമന്ത്രി വിജയ് ലക്ഷ്യമിടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.