പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 12 | പന്ത്രണ്ടാം ദിവസം

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 12 | പന്ത്രണ്ടാം ദിവസം

“ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”
(ലൂക്കാ 1:30)

ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം

പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ച് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. “നന്മ നിറഞ്ഞവളേ, നിനക്കു സ്വസ്തി; സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളേ, കര്‍ത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ അതിശയിച്ചു.

കന്യകയായ തനിക്ക് എങ്ങനെ ഇത് സംഭവിക്കുമെന്ന് പരിശുദ്ധ അമ്മ ദൂതനോടു ചോദിച്ചു. ദൂതന്‍ ഉത്തരമായി പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ഇതിനാല്‍ നിന്നില്‍നിന്നു പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. അവന്‍ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും.”

മറിയം പറഞ്ഞു: “ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എന്നില്‍ സംഭവിക്കട്ടെ.” മറിയം എത്രമാത്രം ദൈവതിരുമനസ്സിനു വിധേയയായിരുന്നു എന്ന് നമുക്ക് ഈ വാക്കുകളില്‍നിന്ന് മനസ്സിലാക്കാം. ലോകപരിത്രാതാവിനോടൊപ്പം അനേകം യാതനകള്‍ അനുഭവിക്കേണ്ടിവരുമെന്ന് അറിഞ്ഞിട്ടും “അങ്ങേ വചനം പോലെ എന്നില്‍ ഭവിക്കട്ടെ” എന്നു പറയുവാന്‍ അവള്‍ സന്നദ്ധയായി.

ഈജിപ്തിലേക്കുള്ള പ്രവാസവും പ്രത്യാഗമനവും, നസ്രത്തിലെ വിനീതമായ ജീവിതവും ദാരിദ്ര്യക്ലേശങ്ങളുമെല്ലാം അനുഭവിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു. മിശിഹായുടെ പരസ്യജീവിതത്തിലും പീഡാസഹനത്തിലും കാല്‍വരിയിലും അവള്‍ “നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ” എന്ന വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടാകണം.

ഒരിക്കല്‍ ഈശോ ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടുത്തെ ദിവ്യജനനിയും സഹോദരന്മാരും വന്നു, പുറത്തുനിന്നുകൊണ്ട് അവിടുത്തോട് സംസാരിക്കുവാന്‍ ആഗ്രഹിച്ചു. “ഇതാ, നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നില്‍ക്കുന്നു; നിന്നോട് സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു” എന്നു ഒരാള്‍ ഈശോയോട് പറഞ്ഞു. യേശുവിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാര്‍?” തന്റെ ശിഷ്യരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും”
(വി. മത്തായി 12:48-50).

പരിശുദ്ധ കന്യകയുടെ മഹത്വത്തിനുള്ള യഥാര്‍ത്ഥ കാരണം അവളുടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വമാണെന്ന് മിശിഹാ ഇവിടെ വ്യക്തമാക്കുന്നു. കൂടാതെ നാം ഓരോരുത്തരും ദൈവതിരുമനസ്സ് നിവര്‍ത്തിക്കുമ്പോള്‍ ഈശോയുമായി ഒരു നവ്യമായ ബന്ധം നമുക്കുണ്ടാകുന്നു എന്ന സത്യവും അവിടുന്നു പഠിപ്പിക്കുന്നു. “കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്; പ്രത്യുത സ്വര്‍ഗസ്ഥനായ പിതാവിന്റെ ഹിതം നിര്‍വഹിക്കുന്നവനാണ്” എന്ന് ഗിരിപ്രഭാഷണത്തില്‍ അവിടുന്നു അരുളിച്ചെയ്യുന്നുണ്ടല്ലോ.

ദൈവതിരുമനസ്സിനോടുള്ള വിധേയത്വമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ജീവിതത്തില്‍ ഇത് വളരെ വ്യക്തമായിരുന്നു. അനുദിന ജീവിതത്തില്‍ ഓരോ നിമിഷവും ദൈവദൂതന്‍ സമീപിച്ച് ദൈവഹിതം നമ്മെ അറിയിക്കുന്നുണ്ട്. ദൈവപ്രമാണങ്ങള്‍, തിരുസഭയുടെ കല്‍പനകള്‍, മേലധികാരികളുടെ നിര്‍ദ്ദേശങ്ങള്‍, ജീവിതച്ചുമതലകള്‍ എന്നിവയിലൂടെ നാം ദൈവഹിതം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഉത്തമമായി ദൈവസേവനവും സഹോദരസേവനവും നിര്‍വഹിക്കുവാന്‍ കഴിയും.

സംഭവം

ജോണ്‍ ഹോക്സന്‍ഹാം എന്ന പണ്ഡിതന്‍ ലൂര്‍ദ്ദിലെ അരുവിയിലെ ദിവ്യജലം വഴിയായി നടക്കുന്ന രോഗശമനങ്ങളെക്കുറിച്ച് ഇപ്രകാരം എഴുതിയിട്ടുണ്ട്:

“ഇതെഴുതുന്ന ഞാന്‍ ഒരു പ്രൊട്ടസ്റ്റന്റ് മതവിഭാഗമായ ഫ്രീ ചര്‍ച്ചുകാരനാണ്. റോമന്‍ കത്തോലിക്കരായി എനിക്ക് അനേകം മിത്രങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ പലരും അവരുടെ മതം വിശ്വസ്തതയോടെ അനുഷ്ഠിക്കുന്നവരാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കത്തോലിക്കാ സഭയോട് എനിക്ക് പ്രത്യേക പ്രതിപത്തിയൊന്നുമില്ലായിരുന്നു. ലൂര്‍ദ്ദിലെ ഈ അത്ഭുതങ്ങളെക്കുറിച്ച് ഞാന്‍ യഥാര്‍ത്ഥമായി അറിഞ്ഞിരുന്നില്ല.

എന്നാല്‍ എന്റെ സ്വന്തം കണ്ണുകള്‍കൊണ്ട് അവയെല്ലാം കാണുകയും ഹൃദയത്തിന് ബോധ്യപ്പെടുകയും ചെയ്തതോടെ ഈ സത്യത്തെ അംഗീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ലൂര്‍ദ്ദിലെ രോഗശമനങ്ങള്‍ക്ക് വലിയ സര്‍ജന്‍മാരും വൈദ്യരും സാക്ഷ്യം നല്‍കിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലൂര്‍ദ്ദില്‍ ദൈവത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തനം നടക്കുന്നുണ്ട്.”

(John Oxenham, *The Wonder of Lourdes*)

പ്രാര്‍ത്ഥന

ദിവ്യജനനി, അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയത്വത്തോടെ ജീവിച്ചു. എല്ലാ നിമിഷങ്ങളിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിന് സമീപം നില്‍ക്കുമ്പോഴും അതിനുശേഷവും അവിടുന്നു സദാ ദൈവതിരുമനസ്സ് നിറവേറ്റിയവളായിരുന്നു. അവിടുത്തെ മഹത്വത്തിന്റെ നിദാനം ഇതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

ദൈവമാതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളും ദൈവതിരുമനസ്സിനു പരിപൂര്‍ണ്ണമായി വിധേയരായി ജീവിക്കാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിതക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിക്കുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവതിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനമാകുവാന്‍ അങ്ങ് സഹായിക്കണമേ.

**വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനോട് പ്രാര്‍ത്ഥിച്ച ജപം**

എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ ഓടിവന്ന്, നിന്റെ സഹായം അപേക്ഷിച്ചു, നിന്റെ മാധ്യസ്ഥം തേടിയവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ. കന്യകമാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വിശ്വാസത്തോടെ ഞാന്‍ നിന്റെ തൃപ്പാദത്തിങ്കല്‍ അണഞ്ഞുവരുന്നു. നെടുവീര്‍പ്പോടും കണ്ണുനീരോടും കൂടി പാപിയായ ഞാന്‍ നിന്റെ ദയയുടെ ആഴം പ്രതീക്ഷിച്ചുകൊണ്ട് നിന്റെ തിരുമുമ്പില്‍ നില്‍ക്കുന്നു.

അവതരിച്ച വചനത്തിന്റെ മാതാവേ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേന്‍.

*ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ, നിന്റെ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം തേടിയിരിക്കുന്നു. ഞങ്ങളുടെമേല്‍ കരുണയായി ഞങ്ങള്‍ക്കുവേണ്ടി നിന്റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചുകൊള്ളണമേ.*

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വം.
(മൂന്നു പ്രാവശ്യം ചൊല്ലുക)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.