ചെന്നൈ: ജ്യോത്സ്യനായ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ തന്റെ ഓഫീസില്‍ പ്രത്യേക ഓഫീസറായി നിയമിച്ച ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി ജോസഫ് വിജയ്. പ്രതിപക്ഷത്തു നിന്ന് മാത്രമല്ല, ഘടക കക്ഷികളുടെ ഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടി.
ഇന്ന് രാവിലെ നിയമസഭയില്‍ വിശ്വാസ വോട്ട് വിജയിച്ചതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. തമിഴക വെട്രി കഴകത്തിന്റെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ), സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കാന്‍ നിര്‍ദേശിച്ചത് വെട്രിവേല്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് വിവാദം പുകഞ്ഞത്. വെട്രിവേല്‍ പാര്‍ട്ടിയുടെ മീഡിയ വക്താവാണെന്നും അദേഹത്തിന്റെ തൊഴില്‍ ഈ സ്ഥാനത്തിന് തടസമല്ലെന്നുമായിരുന്നു ടിവികെ നേതാവ് സി.ടി നിര്‍മല്‍ കുമാര്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ എതിരാളികളെയും സഖ്യകക്ഷികളെയും തൃപ്തരാക്കിയില്ല.
ജ്യോത്സ്യന്റെ നിയമനത്തിലൂടെ യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നതെന്ന് ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് നിയമസഭയില്‍ ചോദിച്ചു. വിജയിയെ പിന്തുണച്ച കോണ്‍ഗ്രസും ജ്യോത്സ്യന്റെ നിയമനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതേസമയം ജ്യോത്സ്യനെ നിയമിച്ചതില്‍ വിജയിക്ക് അനുകൂലമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്.
എന്നാല്‍ വിശ്വാസ വോട്ടെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനിടെ സഖ്യകക്ഷികള്‍ക്കിടയില്‍ വിള്ളല്‍ വീഴാതിരിക്കാനാണ് മുഖ്യമന്ത്രി വിജയ് നിയമനം റദ്ദാക്കിയത് എന്നാണ് സൂചന.
തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന അദേഹം, എഐഎഡിഎംകെ കാലത്തെ പല പ്രധാന തീരുമാനങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ജയിലില്‍ പോകില്ലെന്ന അദേഹത്തിന്റെ പ്രവചനം തെറ്റിയതോടെയാണ് അവര്‍ തമ്മില്‍ അകന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.