കൊച്ചി: ജനഹിതത്തിന്റെ ചുമലിലേറി വി.ഡി സതീശന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍ രണ്ട് പതിറ്റാണ്ട് മുന്‍പ് കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യം ആവര്‍ത്തിക്കുകയായിരുന്നു. 2006 ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026 ല്‍ അത് കോണ്‍ഗ്രസായി മാറി.
അന്ന് വി.എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ പിണറായി വിജയന്‍ അടക്കം സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ ശ്രമിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പോളിറ്റ് ബ്യൂറോ ഇടപെട്ട് വി.എസിന് സീറ്റ് നല്‍കുകയും തിരഞ്ഞെടുപ്പില്‍ വിജയിച്ച അദേഹം മുഖ്യമന്ത്രി ആവുകയും ചെയ്തു.
ഒരു ഭരണ പരിചയവും ഇല്ലാതെയായിരുന്നു വി.എസ് അന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും അതിന്റെ തിളക്കത്തില്‍ ആര്‍ജിച്ച ജനകീയ പിന്തുണയുമായിരുന്നു വിഎസിന്റെ കൈമുതല്‍.
സമാനമായ സ്ഥിതി വിശേഷമാണ് വി.ഡി സതീശനും. ഒരുതരത്തിലുള്ള മുന്‍ ഭരണ പരിചയവും ഇല്ലാതെയാണ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷമാണ് കരുത്ത്.
2021 ല്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ തകര്‍ന്നു പോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സതീശന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീശന്‍ പാര്‍ട്ടിയെ വീണ്ടും സമരോത്സുകരാക്കി.
ഉപ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയം നേടാന്‍ മുന്നില്‍ നിന്ന് നയിച്ചു. ഒടുവില്‍ നിയമസഭ തിരഞ്ഞെടുപ്പിലും വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിജയത്തിലെത്തി.
യുഡിഎഫിന് നൂറിലേറെ സീറ്റും ലഭിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ വി.ഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.
ഫലം വന്നപ്പോള്‍ സതീശന്റെ പ്രവചനം അച്ചട്ടായി മാറി. ഒടുവില്‍ പ്രവര്‍ത്തന മികവിന് അംഗീകാരമായി ജനങ്ങള്‍ ആഗ്രഹിച്ചതു പോലെ മുഖ്യമന്ത്രി പദവും വി.ഡി സതീശനെ തേടിയെത്തി. പറവൂര്‍ മണ്ഡലത്തില്‍ നിന്നാണ് സതീശന്‍ നിയമസഭയിലെത്തിയത്. എറണാകുളത്തു നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് സതീശന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.