രമേശ് ചെന്നിത്തലയെ വസതിയിലെത്തി കണ്ട് സംസാരിച്ച് വി.ഡി സതീശന്‍; തങ്ങള്‍ തമ്മില്‍ ഒരു ഉപാധിയുമില്ലെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തലയെ വസതിയിലെത്തി കണ്ട് സംസാരിച്ച് വി.ഡി സതീശന്‍; തങ്ങള്‍ തമ്മില്‍ ഒരു ഉപാധിയുമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ കാണാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ തിരുവനന്തപുരം വഴുതക്കാടുള്ള അദേഹത്തിന്റെ വസതിയിലെത്തി.

ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ചെന്നിത്തല പെട്ടെന്ന് ബന്ധു വീട്ടിലേക്ക് പോയിരുന്നു. തിരികെ എത്തിയതിന് പിന്നാലെയാണ് പിണറായി വിജയനെ കണ്ടതിന് ശേഷം ചെന്നിത്തലയെ കാണാനായി വി.ഡി സതീശന്‍ എത്തിയത്. വി.ടി ബല്‍റാം, അബിന്‍ വര്‍ക്കി തുടങ്ങിയ നിയുക്ത എംഎല്‍എമാരും ചെന്നിത്തലയുടെ വീട്ടിലെത്തിയിരുന്നു.

രമേശ് ചെന്നിത്തല എല്ലാക്കാലത്തും തന്റെ ലീഡറാണെന്നും ചെറുപ്പം മുതല്‍ വീട്ടില്‍ വരാറുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായപ്പോള്‍ വീട്ടിലെത്തി ഞങ്ങള്‍ രണ്ടുപേരും ഒരേ വാഹനത്തിലാണ് ആദ്യ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. ചെന്നിത്തലയുടെ വീട് നിര്‍മിച്ച കാലം മുതല്‍ ഇവിടെവരാറുള്ളയാളാണ് താനെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

'ചെന്നിത്തല എന്റെ ജ്യേഷ്ഠസഹോദരന് തുല്യനാണ്. അദേഹത്തിന്റെ എല്ലാ അനുഗ്രഹവും പുതിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ എനിക്കുണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. അതെനിക്ക് മുന്‍പും തന്നിട്ടുണ്ട്. അദേഹം മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അദേഹവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും'- സതീശന്‍ വ്യക്തമാക്കി.

വി.ഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹൈക്കമാന്‍ഡ് തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. വളരെയേറെ വ്യക്തിപരമായി ബന്ധമുള്ളവരാണ് നമ്മളെല്ലാവരും. മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. തങ്ങള്‍ തമ്മില്‍ ഒരു ഉപാധിയുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.