നീറ്റ് ചോർച്ച: പരീക്ഷാ സമിതി അംഗമായ പ്രൊഫസർ പിടിയിൽ; അന്വേഷണം എൻടിഎ ഉന്നതരിലേക്ക്

നീറ്റ് ചോർച്ച: പരീക്ഷാ സമിതി അംഗമായ പ്രൊഫസർ പിടിയിൽ; അന്വേഷണം എൻടിഎ ഉന്നതരിലേക്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയെ ഞെട്ടിച്ച് സിബിഐയുടെ നിർണായക അറസ്റ്റ്. ചോദ്യപേപ്പർ തയ്യാറാക്കിയ സമിതിയിൽ അംഗമായിരുന്ന ലത്തൂർ ദയാനന്ദ സയൻസ് കോളേജിലെ കെമിസ്ട്രി പ്രൊഫസർ പി.വി കുൽക്കർണിയെയാണ് സിബിഐ പുനെയിൽ നിന്ന് പിടികൂടിയത്. പരീക്ഷാ സമിതിക്കുള്ളിൽ നിന്നുതന്നെ ചോദ്യങ്ങൾ ചോർന്നുവെന്ന കണ്ടെത്തൽ എൻടിഎയുടെ സുരക്ഷാ ക്രമീകരണങ്ങളെ പൂർണമായും നിഴലിലാക്കിയിരിക്കുകയാണ്.

ചോദ്യപേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച പാനലിൽ അംഗമായിരുന്ന കുൽക്കർണി, ഈ പദവി ദുരുപയോഗം ചെയ്താണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. ഏപ്രിൽ അവസാന വാരത്തോടെ സാധ്യത ചോദ്യപേപ്പർ എന്ന പേരിൽ ഇയാൾ ചോദ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മനീഷ വാഗ്മാരെ വഴിയാണ് ഇയാൾ വിദ്യാർത്ഥികളിലേക്ക് എത്തിയത്. ലക്ഷങ്ങൾ കോഴ വാങ്ങി പുനെയിലെ സ്വന്തം വസതിയിൽ വെച്ച് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഇയാൾ പരിശീലനം നൽകുകയും പരീക്ഷയ്ക്ക് വരാനിരിക്കുന്ന ചോദ്യങ്ങൾ അതേപടി നൽകുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്നും കൂടുതൽ അറസ്റ്റുകൾ നടന്നു. നേരത്തെ പിടിയിലായ ഭിവാൽ സഹോദരങ്ങൾക്ക് പിന്നാലെ മങ്കിലാൽ ഭിവാളിന്റെ മകൻ വികാസിനെയും സിബിഐ കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ സിക്കാറിൽ കരിയർ ഗൈഡൻസ് സ്ഥാപനം നടത്തുന്ന 'രാകേഷ് സർ' എന്ന് വിളിക്കപ്പെടുന്ന രാകേഷ് കുമാർ, ഭിവാൽ സഹോദരങ്ങളിൽ നിന്ന് 15 ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പർ വാങ്ങിയത്. തുടർന്ന് വിവിധ കോച്ചിങ് സെന്ററുകൾക്കും വിദ്യാർത്ഥികൾക്കും ലക്ഷങ്ങൾ ഈടാക്കി ഇത് മറിച്ചുവിറ്റതായും കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രൊഫസർ കുൽക്കർണിയെ വിശദമായ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകും. വിദ്യാർഥികളുടെ പക്കൽ നിന്ന് കണ്ടെത്തിയ നോട്ട്ബുക്കുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതായി തെളിഞ്ഞു.

രാജ്യവ്യാപകമായി നടക്കുന്ന അന്വേഷണത്തിൽ ഇതുവരെ 150-ഓളം പേരെ സിബിഐ ചോദ്യം ചെയ്യുകയും 40-ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള നിർണായക രേഖകൾ പിടിച്ചെടുത്തതോടെ കൂടുതൽ ഉന്നതർ വലയിലാകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.