ടിബറ്റന്‍ അതിര്‍ത്തിയില്‍ ഹിമാനി തകര്‍ച്ചാ ഭീഷണി; അരുണാചലില്‍ അതീവ ജാഗ്രത, നദീ തീരങ്ങളില്‍ നിന്ന് ആളുകളോട് മാറാന്‍ നിര്‍ദേശം

ടിബറ്റന്‍ അതിര്‍ത്തിയില്‍ ഹിമാനി തകര്‍ച്ചാ ഭീഷണി; അരുണാചലില്‍ അതീവ ജാഗ്രത, നദീ തീരങ്ങളില്‍ നിന്ന് ആളുകളോട് മാറാന്‍ നിര്‍ദേശം

ഇറ്റാനഗര്‍: ഹിമാലയന്‍ മലനിരകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഹിമാനി തകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ടിബറ്റന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഹിമാനി തകരുന്നതിലൂടെ ഉണ്ടായേക്കാവുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മുന്നില്‍ക്കണ്ടാണ് ഭരണകൂടത്തിന്റെ മുന്‍കരുതല്‍ നടപടി.

തവാംഗ് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ നംഗ്യാല്‍ ആംഗ്ലോ ഇത് സംബന്ധിച്ച അടിയന്തര ഉത്തരവിറക്കി. മാഗോ ചു, തവാംഗ് ചു നദീ തടങ്ങളിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും സന്ദര്‍ശകരോടും അടിയന്തരമായി മാറിത്താമസിക്കാനും ജാഗ്രത പാലിക്കാനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

മാഗോ ചു നദീതടത്തിലെ ഖാംഗ്രി ഹിമാനിക്ക് സമീപമുള്ള ഭൂ പ്രകൃതിക്ക് ഗുരുതരമായ രീതിയില്‍ ഇളക്കം തട്ടിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് ആന്‍ഡ് ഹിമാലയന്‍ സ്റ്റഡീസ് കണ്ടെത്തിയിരുന്നു. ഹിമാനിയുടെ മുന്‍ഭാഗം ഏത് നിമിഷവും ഇടിഞ്ഞുവിഴാമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക.

നദികളുടെ താഴത്തെ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലഞ്ചെരുപ്പുകളിലുള്ളവരും നദീതീരങ്ങളിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തവാംഗ് മേഖലയിലേക്ക് എത്തുന്ന സഞ്ചാരികളും യാത്രക്കാരും യാത്ര തുടങ്ങുന്നതിന് മുന്‍പ് കാലാവസ്ഥാ വിവരങ്ങളും റോഡുകളിലെ അവസ്ഥയും കൃത്യമായി പരിശോധിക്കണം. കുത്തിയൊഴുക്കുള്ള നദികളോ തോടുകളോ മുറിച്ചുകടക്കാനോ, തകരാറിലായ റോഡുകളിലൂടെയും പാലങ്ങളിലൂടെയും അപകടകരമായി യാത്ര ചെയ്യാനോ ശ്രമിക്കരുത്.

സാഹചര്യം വഷളായാല്‍ ആളുകളെ ഉടനടി ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമായി സജ്ജരായിരിക്കാന്‍ പ്രാദേശിക ജനപ്രതിനിധികള്‍ക്കും ദുരന്തനിവാരണ സേനകള്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നാലോ ഉരുള്‍പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടാലോ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.