21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 സ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. നാളെ രാവിലെ 10 ന് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യും.
ഘടകകക്ഷികളുമായുള്ള അവസാനവട്ട ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് മന്ത്രിമാരുടെ അന്തിമ പട്ടിക കെപിസിസി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറും. ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചാലുടന്‍ ഉച്ചയോടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 സ്ഥാനങ്ങളാണ് കോണ്‍ഗ്രസിന് ലഭിക്കുക. പ്രധാന വകുപ്പുകളില്‍ ഇതിനകം തന്നെ ധാരണയായിട്ടുണ്ട്.
ധാരണയായ പ്രധാന വകുപ്പുകളും മന്ത്രിമാരും:
വി.ഡി. സതീശന്‍: മുഖ്യമന്ത്രി
രമേശ് ചെന്നിത്തല: ആഭ്യന്തരവും വിജിലന്‍സും
സണ്ണി ജോസഫ്: റവന്യൂ വകുപ്പ്
എം. ലിജു: എക്‌സൈസ് വകുപ്പ്
സി.പി. ജോണ്‍ (സി.എം.പി): ഗതാഗതം
ആരോഗ്യവകുപ്പ് കെ. മുരളീധരന് നല്‍കാന്‍ ചര്‍ച്ചകള്‍ സജീവമാണെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. പൊതുമരാമത്ത് വകുപ്പിനായി മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും (ജോസഫ്) അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആര്‍എസ്പി ആവശ്യപ്പെട്ടിരിക്കുന്നത് ജലവിഭവ വകുപ്പാണ്.
കക്ഷിനിലയും മന്ത്രിസ്ഥാനങ്ങളും:
കോണ്‍ഗ്രസ് (12 മന്ത്രിമാര്‍, സ്പീക്കര്‍)
രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവരുടെ മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. ക്രിസ്ത്യന്‍ പ്രാതിനിധ്യത്തിലേക്ക് റോജി എം. ജോണ്‍, ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. വി.ടി ബല്‍റാമും പരിഗണനയിലുണ്ട്.
അതേസമയം ചില പേരുകളില്‍ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഐ.സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.
മുസ്ലിം ലീഗ്
അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗിന് ഉറപ്പിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ക്ക് പുറമെ പാറക്കല്‍ അബ്ദുള്ള, പി.കെ ബഷീര്‍, കെ.എം ഷാജി, വി.ഇ അബ്ദുള്‍ ഗഫൂര്‍, എ.കെ.എം അഷ്‌റഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. ലീഗ് പട്ടിക തിങ്കളാഴ്ചയോടെ അന്തിമമാകും. എം.കെ മുനീറിന് പ്രത്യേക പദവി നല്‍കും.
കേരള കോണ്‍ഗ്രസ് ജോസഫ് (1 മന്ത്രിസ്ഥാനം, ഡെപ്യൂട്ടി സ്പീക്കര്‍)
ഏഴ് എം.എല്‍.എമാരുള്ള ജോസഫ് ഗ്രൂപ്പ് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഒരു മന്ത്രിസ്ഥാനവും (മോന്‍സ് ജോസഫ്) ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. റവന്യൂ വേണമെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യത്തിന് പകരം കൃഷി വകുപ്പാണ് കോണ്‍ഗ്രസ് നിലവില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
മറ്റ് ഘടകകക്ഷികള്‍
ആര്‍എസ്പി: ഷിബു ബേബി ജോണ്‍
സിഎംപി: സി.പി ജോണ്‍
കേരള കോണ്‍ഗ്രസ് (ജേക്കബ്), കെഡിപി:
ഒരംഗം മാത്രമുള്ള കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബും കെഡിപി നേതാവ് മാണി സി. കാപ്പനും മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ പങ്കുവെക്കും. എന്നാല്‍ ടേം വ്യവസ്ഥയില്‍ മാണി സി. കാപ്പന് അതൃപ്തിയുണ്ട്.
സ്പീക്കര്‍, ചീഫ് വിപ്പ് പദവികള്‍ നിശ്ചയിക്കുന്നതിന് അനുസരിച്ചാകും കോണ്‍ഗ്രസിന്റെ ബാക്കി മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.