ന്യൂഡല്‍ഹി: സിബിഎസ്ഇ സ്‌കൂളുകളിലെ പഠന രീതിയില്‍ സുപ്രധാന പരിഷ്‌കാരവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. ഒമ്പതാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കി സിബിഎസ്ഇ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ജൂലൈ ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരും.
ഇതില്‍ പഠിക്കുന്ന ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. പുതിയ മാറ്റമനുസരിച്ച് പത്താം ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷയ്ക്ക് ബോര്‍ഡ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ഈ ഭാഷയുടെ മൂല്യനിര്‍ണയം പൂര്‍ണമായും ആഭ്യന്തരമായി സ്‌കൂള്‍ തലത്തിലായിരിക്കും നടത്തുക.
വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പരീക്ഷാ സമയത്തെ അനാവശ്യ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമാണ് ഇങ്ങനെയൊരു ഇളവ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. സിബിഎസ്ഇ അംഗീകരിച്ചിട്ടുള്ള ഭാഷാ പട്ടികയില്‍ നിന്നുള്ള ഏത് ഭാഷയും സ്‌കൂളുകള്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ ആദ്യത്തെ രണ്ട് ഭാഷകള്‍ ഇന്ത്യന്‍ ഭാഷകളാണെങ്കില്‍ മാത്രമേ വിദേശ ഭാഷകള്‍ മൂന്നാമത്തെ ഓപ്ഷനായി പഠിക്കാന്‍ അനുവദിക്കൂ.
അല്ലാത്തപക്ഷം വിദേശ ഭാഷകളെ നാലാമത്തെ ഓപ്ഷണല്‍ ഭാഷയായി മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ. ഇംഗ്ലീഷും ഹിന്ദിയും മലയാളവും ഉള്‍പ്പെടെ 44 ഭാഷകളാണ് നിലവില്‍ സിബിഎസ്ഇയുടെ ഔദ്യോഗിക ഭാഷാ വിഷയങ്ങളുടെ പട്ടികയില്‍ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.