മൂന്നാമത്തെ കുട്ടിക്ക് 30000, നാലാമത്തേതിന് 40000 രൂപ: ജനസംഖ്യാ നിരക്കിലുണ്ടാകുന്ന ഇടിവ് പരിഹരിക്കാന്‍ പുതിയ നയവുമായി ആന്ധ്ര സര്‍ക്കാര്‍

മൂന്നാമത്തെ കുട്ടിക്ക് 30000, നാലാമത്തേതിന് 40000 രൂപ: ജനസംഖ്യാ നിരക്കിലുണ്ടാകുന്ന ഇടിവ് പരിഹരിക്കാന്‍ പുതിയ നയവുമായി ആന്ധ്ര സര്‍ക്കാര്‍

അമരാവതി: സംസ്ഥാനത്തെ ജനസംഖ്യാ നിരക്കിലുണ്ടാകുന്ന ഇടിവ് പരിഹരിക്കാന്‍ വ്യത്യസ്ത നയവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. കുടുംബത്തില്‍ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30000 രൂപയും നാലാമത് ഉണ്ടാകുന്ന കുട്ടിക്ക് 40000 രൂപയും ഇന്‍സെന്റീവ് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുന്‍പ് ജനസംഖ്യാ നിയന്ത്രണത്തിനായി വാദിച്ചിരുന്ന നായിഡു, മാറി വരുന്ന സാഹചര്യത്തില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ സമൂഹം ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ഓര്‍മിപ്പിച്ചു.

ശ്രീകാകുളം ജില്ലയിലെ നരസന്ന പേട്ടയില്‍ നടന്ന 'സ്വര്‍ണ ആന്ധ്ര, സ്വച്ഛ് ആന്ധ്ര' ശുചിത്വ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഒരു മാസത്തിനകം സര്‍ക്കാര്‍ പുറത്തുവിടുമെന്നും അദേഹം പറഞ്ഞു.

താന്‍ ഒരു പുതിയ തീരുമാനമെടുത്തിട്ടുണ്ട്. മൂന്നാമത്തെ കുട്ടി ജനിച്ചാലുടന്‍ 30000 രൂപയും, നാലാമത്തെ കുട്ടിക്ക് 40000 രൂപയും സര്‍ക്കാര്‍ നല്‍കും. ഇതൊരു ശരിയായ തീരുമാനമല്ലേയെന്ന് ചന്ദ്രബാബു നായിഡു ജനക്കൂട്ടത്തോട് ചോദിച്ചു. രണ്ടാമത്തെ കുട്ടിക്ക് 25000 രൂപ നല്‍കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നും കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്നാമത്തെയും അതിന് ശേഷവുമുള്ള കുട്ടികള്‍ക്ക് ഇന്‍സെന്റീവും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി സത്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.

വരുമാനം വര്‍ധിക്കുന്നതോടെ ചില ദമ്പതികള്‍ ഒരു കുട്ടിയില്‍ ഒതുങ്ങുകയാണെന്നും മറ്റ് ചിലര്‍ ആദ്യ കുട്ടി ആണ്‍കുട്ടിയല്ലെങ്കില്‍ മാത്രം രണ്ടാമതൊരു കുട്ടിക്ക് മുതിരുകയാണെന്നും നായിഡു നിരീക്ഷിച്ചു. ഇത് സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുത്തനെ കുറയാന്‍ കാരണമായി. ഒരു ജനസംഖ്യ സ്ഥിരതയോടെ മുന്നോട്ട് പോകാന്‍ ആകെ പ്രജനന നിരക്ക് 2.1 ആയി നിലനില്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ കുറവ് വരുന്നത് സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും ബാധിക്കുമെന്നും പ്രായമായവരുടെ എണ്ണം കൂടുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.