“ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപ്പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്ന് യൂദയായിലെ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.”
(ലൂക്കാ 2:4-5)
ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്റെ പലായനവും പ്രവാസജീവിതവും ലോകപരിത്രാതാവിന്റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതമായി. പാപത്താല്‍ അധഃപതിച്ച മനുഷ്യലോകത്തിന് ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതിലൂടെ ലഭിച്ചു. ദൈവദൂതന്മാര്‍ സ്വര്‍ഗീയഗാനം ആലപിച്ചു:
“ഉന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും.”
ബേത്ലെഹെമിലെ ആട്ടിടയന്മാരും പൗരസ്ത്യ വിജ്ഞാനികളും അവതീര്‍ണ്ണനായ ദൈവസുതനെ സന്ദര്‍ശിച്ച് ആരാധന അര്‍പ്പിക്കുകയും തങ്ങളുടെ ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഹല്ലേലൂയ്യയുടെ ഗാനമാലകള്‍ മുഴങ്ങി. എന്നാല്‍, യഹൂദന്മാര്‍ക്ക് ജനിച്ച രാജശിശു തന്‍റെ പ്രതിയോഗിയായിരിക്കുമെന്ന് സേച്ഛാധിപതിയായ ഹേറോദേസ് കരുതി. എല്ലാ കാലത്തും അധികാരലോലുപര്‍ ക്രിസ്തുവിനെ തങ്ങളുടെ പ്രതിയോഗിയായിട്ടാണ് കാണുന്നത്. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും ലൗകികസുഖങ്ങള്‍ക്കും തടസ്സമായി ക്രിസ്തുവിന്റെ പ്രബോധനങ്ങളെ കാണുന്നവരും ഉണ്ടാകും.
പൗരസ്ത്യ വിജ്ഞാനികള്‍ നവജാതനായ രാജശിശുവിനെ അന്വേഷിച്ച് എത്തിയപ്പോള്‍, ഹേറോദേസ് തന്‍റെ പ്രതിയോഗിയായ ആ ശിശുവിനെ വധിക്കുവാന്‍ തീരുമാനിച്ചു. അതിനാല്‍ ദൈവദൂതന്‍ വിശുദ്ധ യൗസേപ്പിന് പ്രത്യക്ഷനായി, ശിശുവിനെയും അവന്റെ മാതാവിനെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേക്കു പോകുവാന്‍ നിര്‍ദ്ദേശം നല്‍കി. അതിനനുസരിച്ച് വിശുദ്ധ യൗസേപ്പ് പരിശുദ്ധ കന്യകയെയും ദിവ്യശിശുവിനെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേക്കു പലായനം ചെയ്തു. സുദീര്‍ഘമായ ആ യാത്ര തിരുക്കുടുംബത്തിന് വളരെ ക്ലേശകരമായിരുന്നു. വഴി അജ്ഞാതമായിരുന്നു.
അപരിചിതമായ രാജ്യം, മണലാരണ്യങ്ങള്‍, ദുരിതപൂര്‍ണമായ യാത്ര — സാമ്പത്തികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ അവര്‍ അനുഭവിച്ചിരിക്കണം. ഭക്ഷണവും വെള്ളവും ലഭിക്കുന്നതും ദുഷ്കരമായിരുന്നു. വഴിയരുകിലോ വൃക്ഷച്ചുവട്ടിലോ ഗുഹകളിലോ രാത്രികള്‍ കഴിക്കേണ്ടിവന്നിട്ടുണ്ടാകാം. എങ്കിലും ദൈവതിരുമനസ്സിനു പൂര്‍ണമായും വിധേയരായി അവയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. അപരിചിതമായ ദേശത്തു എത്തിയപ്പോള്‍ അവിടുത്തെ ജനങ്ങള്‍ സംശയദൃഷ്ടിയോടെയായിരിക്കും അവരെ കണ്ടത്. ഈജിപ്ത് യഹൂദന്മാരോട് വിരോധമുള്ള ദേശമായിരുന്നു. ഈജിപ്തും ഇസ്രായേലും തമ്മില്‍ അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ടായിരുന്നു. അതിനാല്‍ അവര്‍ക്ക് അവിടെ ഹൃദയപൂര്‍വ്വമായ സ്വീകരണം ലഭിച്ചിരിക്കണമെന്നില്ല. എങ്കിലും പരിശുദ്ധ അമ്മയുടെ ഉദരത്തിലെ ഈശോയുടെ സാന്നിധ്യം അവര്‍ക്ക് പ്രത്യാശയും ശക്തിയും നല്‍കിയിരുന്നു.
യാത്രയും പ്രവാസജീവിതവും തിരിച്ചുവരവും പരിശുദ്ധ കന്യകയ്ക്ക് വലിയ ദുഃഖം നല്‍കിയതില്‍ സംശയമില്ല. എന്നിരുന്നാലും ഈശോയോടുള്ള സ്നേഹത്താല്‍ അവര്‍ എല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. പരിശുദ്ധ കന്യകയെ അനുകരിച്ച് നാമും ജീവിതത്തിലെ ക്ലേശങ്ങളെ ക്ഷമയോടും വിശ്വാസത്തോടും കൂടി അഭിമുഖീകരിക്കണം. ദൈവത്തെയോ സഹോദരങ്ങളെയോ കുറ്റപ്പെടുത്താതെ ക്രൈസ്തവ ധീരതയോടും പ്രത്യാശയോടും കൂടിയാണ് സഹനങ്ങളെ സ്വീകരിക്കേണ്ടത്.
സംഭവം
കമ്യൂണിസ്റ്റ് റഷ്യയുടെ ശക്തികേന്ദ്രമായ ക്രംലിനില്‍ കൂടി പോകുമ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായ ഒരു കാഴ്ച കാണാം. റഷ്യയിലെ ഏറ്റവും വലിയ മതവിരുദ്ധരുടെ മദ്ധ്യേ പരിശുദ്ധ ജനനിയുടെ അതിമനോഹരമായ ഒരു ചിത്രം നിലകൊള്ളുന്നു. “ഇബെരിയന്‍ മഡോണ” (The Iberian Madonna) എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്. റഷ്യ മാനസാന്തരപ്പെടുമെന്ന ഫാത്തിമായിലെ വാഗ്ദാനത്തിന്റെ ഒരു അനുസ്മരണമായി മോസ്കോയിലെ ഈ ചിത്രം ഇന്നും നിലനില്‍ക്കുന്നു. ഗ്രീസിലെ മൗണ്ട് ആതോസ് ആശ്രമത്തിലെ സന്യാസിമാരാണ് ഈ ചിത്രം ആലേഖനം ചെയ്തത്. റഷ്യന്‍ ചക്രവര്‍ത്തിയായ സാര്‍ ആലക്സി 1648-ല്‍ മോസ്കോയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടി. മൗണ്ട് ആതോസിലെ സന്യാസിമാരും അതില്‍ സംബന്ധിക്കാനായി എത്തി. അവര്‍ തങ്ങളുടെ നാഥയുടെ ചിത്രം ആഘോഷപൂര്‍വ്വം കൊണ്ടുവന്ന് സാര്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ചു. ചക്രവര്‍ത്തി അത് തന്‍റെ സ്വകാര്യ കപ്പേളയില്‍ സ്ഥാപിച്ചു.
ആറ് വര്‍ഷങ്ങള്‍ക്കുശേഷം റഷ്യയില്‍ ഒരു മഹാമാരി പടര്‍ന്നു. മരണാസന്നനായ ചക്രവര്‍ത്തി മാതാവിന്റെ തിരുസ്വരൂപം തന്റെ അടുക്കലേക്ക് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. രൂപം അദ്ദേഹത്തിന്റെ സമീപത്ത് കൊണ്ടുവന്ന ഉടനെ തന്നെ അത്ഭുതകരമായി രോഗവിമുക്തി ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.
കൃതജ്ഞതയുടെ അടയാളമായി ചക്രവര്‍ത്തി റെഡ് സ്ക്വയറില്‍ ഒരു ചാപ്പല്‍ നിര്‍മിച്ച് അവിടെ തിരുസ്വരൂപം സ്ഥാപിച്ചു. അവിടെ അനേകം അത്ഭുതങ്ങള്‍ നടന്നുവെന്ന് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തി.
1917-ല്‍ കമ്യൂണിസ്റ്റുകാര്‍ മോസ്കോയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍, ക്രംലിനില്‍ ദൈവമാതാവിന് സമര്‍പ്പിച്ച ദേവാലയം നിലനില്‍ക്കുന്നത് അവര്‍ക്ക് അംഗീകരിക്കാനായില്ല. റഷ്യയിലെ അനേകം ദേവാലയങ്ങള്‍ക്കൊപ്പം അതും നശിപ്പിക്കപ്പെട്ടു. എന്നാല്‍, ഒരു കലാസ്നേഹിയായ കമ്യൂണിസ്റ്റ് ആ തിരുസ്വരൂപം മഹത്തായ കലാസൃഷ്ടിയാണെന്ന് മനസ്സിലാക്കി അത് ഒരു കലാശാലയില്‍ സംരക്ഷിച്ചു. പരിശുദ്ധ മാതാവിന്റെ വിമലഹൃദയവിജയത്തെ പ്രതീക്ഷിച്ച് ആ തിരുസ്വരൂപം ഇന്നും നിലകൊള്ളുന്നു.
പ്രാര്‍ത്ഥന
ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, ഈജിപ്തിലേക്കുള്ള പ്രയാണത്തില്‍ അവിടുന്നും അങ്ങയുടെ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണിമിശിഹായും അനേകം യാതനകള്‍ അനുഭവിച്ചുവല്ലോ. എങ്കിലും ദൈവതിരുമനസ്സിനു പൂര്‍ണമായി വിധേയരായി അതെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു.
ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമയോടും വിശ്വാസത്തോടും കൂടി അഭിമുഖീകരിച്ച് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രാപിച്ചുതരണമേ. അങ്ങ് ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കുവേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാകാര്യങ്ങളും ഈശോയ്ക്കുവേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ.
വിശുദ്ധ ബര്‍ണാര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തിലേക്ക് ഓടിവന്ന്, നിന്‍റെ സഹായം അപേക്ഷിച്ച്, നിന്‍റെ മാധ്യസ്ഥ്യം തേടിയവരില്‍ ഒരാളും നിരാശരായിട്ടില്ലെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കന്യകമാരുടെ രാജ്ഞിയായ ദയാമയിയായ മാതാവേ, ഈ വിശ്വാസത്തോടെ ഞാന്‍ നിന്‍റെ തിരുപ്പാദങ്ങളില്‍ അണഞ്ഞുവരുന്നു.
പാപിയായ ഞാന്‍ നെടുവീര്‍പ്പോടും കണ്ണുനീരോടും കൂടി നിന്‍റെ കരുണയെ പ്രതീക്ഷിച്ച് നിന്‍റെ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേന്‍.
ജന്മപാപമില്ലാതെ ഉദ്ഭവിച്ച ശുദ്ധ മറിയമേ, പാപികളുടെ സങ്കേതമേ, ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം തേടിയിരിക്കുന്നു. ഞങ്ങളുടെമേല്‍ കരുണയുണ്ടായി, ഞങ്ങള്‍ക്കുവേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചുകൊള്ളണമേ.
1 സ്വര്‍ഗ്ഗ.
1 നന്മ.
1 ത്രിത്വം.
(മൂന്നു പ്രാവശ്യം ചൊല്ലുക)
സുകൃതജപം
വിനയത്തിന്‍റെ മാതൃകയായ കന്യകാമാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമേ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.