വകുപ്പ് വിഭജനം വൈകുന്നു: തര്‍ക്കം ഫിഷറീസിനെച്ചൊല്ലി; വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും

വകുപ്പ് വിഭജനം വൈകുന്നു: തര്‍ക്കം ഫിഷറീസിനെച്ചൊല്ലി; വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകുന്നു. ഫിഷറീസ് വകുപ്പ് ആര്‍ക്ക് നല്‍കണം എന്നതിനെച്ചൊല്ലി മുന്നണിക്കുള്ളില്‍ ഉടലെടുത്ത ശക്തമായ ആശയക്കുഴപ്പമാണ് വിജ്ഞാപനം വൈകാന്‍ പ്രധാന കാരണമായി വിലയിരുത്തുന്നത്.

തിങ്കളാഴ്ച വൈകുന്നേരം ഗവര്‍ണറുടെ അംഗീകാരത്തോടെ വിജ്ഞാപനം ഇറക്കാനായിരുന്നു ആദ്യ ധാരണയെങ്കിലും തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്ന് ഇത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇടതുപക്ഷ സര്‍ക്കാരിന്റെ മാതൃകയില്‍ പൊതു വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും രണ്ട് വകുപ്പുകളായി നിലനിര്‍ത്താനാണ് പുതിയ സര്‍ക്കാരിലെയും തീരുമാനം. ഇതില്‍ ഉന്നത വിദ്യാഭ്യാസം കോണ്‍ഗ്രസിനും പൊതു വിദ്യാഭ്യാസം മുസ്ലീം ലീഗിനും നല്‍കാനായിരുന്നു പ്രാഥമിക ധാരണ. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നതിനൊപ്പം ഫിഷറീസ് വകുപ്പ് കൂടി അഡീഷണലായി വേണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവെച്ചതോടെയാണ് ചര്‍ച്ചകള്‍ സങ്കീര്‍ണമായത്.

മാത്രമല്ല കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിച്ചപ്പോള്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ലത്തീന്‍ സഭാ പ്രതിനിധികള്‍ രംഗത്തെത്തിയത് മുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നിരയില്‍ നിന്ന് ലത്തീന്‍ വിഭാഗത്തിന് മന്ത്രിസ്ഥാനം ഇല്ലെങ്കിലും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ഈ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ്.

സഭയുടെ അതൃപ്തി കണക്കിലെടുത്ത് മുഖ്യമന്ത്രി വി.ഡി സതീശന്‍ ലത്തീന്‍ സഭാ നേതൃത്വവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. തീരദേശ മേഖലയെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് കൃത്യമായ അറിവും പരിചയവുമുള്ള ഒരാള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കണമെന്നാണ് സഭയുടെ ആവശ്യം.

സഭയുടെ ആവശ്യം പരിഗണിച്ചാല്‍ ഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് വിട്ടുനല്‍കാന്‍ കഴിയില്ല. ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിന് നല്‍കുകയാണെങ്കില്‍ അദേഹത്തിന് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന വനം വകുപ്പ് തിരികെ വാങ്ങേണ്ടി വരും. ലീഗിന് ഫിഷറീസ് നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസിന് ഉന്നത വിദ്യാഭ്യാസ വകുപ്പും വേണ്ടെന്ന് വെയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഫിഷറീസിന് പുറമെ മറ്റ് ചില പ്രധാന വകുപ്പുകളിലും മാറ്റങ്ങള്‍ക്കും അവകാശ വാദങ്ങള്‍ക്കും സാധ്യതയേറിയിട്ടുണ്ട്.

മറ്റ് വകുപ്പുകളിലെ മാറ്റങ്ങളും അവകാശ വാദങ്ങളും

കെ. മുരളീധരന്‍ (ആരോഗ്യം): തനിക്ക് നിശ്ചയിച്ചിരുന്ന വൈദ്യുതി വകുപ്പ് വേണ്ടെന്ന നിലപാട് കെ. മുരളീധരന്‍ കര്‍ശനമാക്കിയതോടെ അദേഹത്തിന് ആരോഗ്യ വകുപ്പ് നല്‍കാന്‍ ധാരണയായിട്ടുണ്ട്.

എ.പി അനില്‍കുമാര്‍ (വൈദ്യുതി): മുന്‍പ് ആരോഗ്യ വകുപ്പിലേക്ക് പരിഗണിച്ചിരുന്ന എ.പി അനില്‍കുമാറിന് പകരം വൈദ്യുതി വകുപ്പ് നല്‍കും.

കേരള കോണ്‍ഗ്രസിന്റെ ആവശ്യം: നിലവില്‍ നിശ്ചയിച്ച ജലവിഭവ വകുപ്പിന് പുറമെ രജിസ്‌ട്രേഷന്‍ വകുപ്പ് കൂടി വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസും ഉറച്ച് നില്‍ക്കുകയാണ്.

തീരദേശ വോട്ടര്‍മാരെയും ഘടകകക്ഷികളെയും ഒരുപോലെ തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള സമവായ ഫോര്‍മുലയ്ക്കായുള്ള അണിയറ ചര്‍ച്ചകളാണ് തലസ്ഥാനത്ത് പുരോഗമിക്കുന്നത്. തര്‍ക്കങ്ങള്‍ പരിഹരിച്ച് വകുപ്പ് വിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചനകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.