കൊച്ചി: എറണാകുളം പാരിയത്ത്കാവിലെ വിവാദമായ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ശനിയാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ കര്‍ശന നിര്‍ദേശം. നടപടികള്‍ പൂര്‍ത്തിയാക്കി കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇതിനായി ആവശ്യമായ പൊലീസ് സംരക്ഷണം ഒരുക്കാനും ആലുവ റൂറല്‍ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.
അതേസമയം പാരിയത്ത്കാവിലെ പൊലീസ് നടപടിയെക്കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 20 ന് രാവിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. നാട്ടുകാര്‍ ശക്തമായ പ്രതിരോധമുയര്‍ത്തിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. പാരിയത്ത്കാവിലെ ആകെ 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍, മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് പ്രധാന തര്‍ക്കം നിലനില്‍ക്കുന്നത്.
നാല് വര്‍ഷം മുന്‍പ് ഒരു സ്വകാര്യ വ്യക്തിക്ക് അനുകൂലമായി ഈ ഭൂമിയിന്മേല്‍ കോടതി വിധി വന്നിരുന്നു. തുടര്‍ന്ന് ഭൂമി ഒഴിപ്പിച്ച് അളന്ന് തിരിക്കാനായിരുന്നു കോടതി നിര്‍ദേശം. ഇതിന് മുന്‍പ് 14 തവണ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ശക്തമായ ജനകീയ പ്രതിരോധം മൂലം അധികൃതര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പൊലീസ് നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരുമായി ചര്‍ച്ച നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.