ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ആക്ഷേപ ഹാസ്യ കൂട്ടായ്മ 'കോക്രോച്ച് ജനത പാര്‍ട്ടി'യുടെ (സിജെപി) എക്‌സ് അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്രകാരം വീണ്ടും മരവിപ്പിച്ചു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനും വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഡിജിറ്റല്‍ വിലക്കുകളെ വകവെക്കാതെ ശക്തമായ പ്രതിരോധവുമായി മുന്നോട്ട് പോകാനാണ് സിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചാ വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപകമായ ഓണ്‍ലൈന്‍ കാമ്പെയ്ന് സിജെപി തുടക്കമിട്ടു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ഡിജിറ്റല്‍ വിലക്കുകള്‍ ഉണ്ടായാല്‍ തെരുവിലിറങ്ങി കടുത്ത പ്രതിരോധം തീര്‍ക്കുമെന്നാണ് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്ക്കെ വ്യക്തമാക്കിയിരിക്കുന്നത്.
കോക്രോച്ച് ജനതാ പാര്‍ട്ടി
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഒരു പരാമര്‍ശത്തില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രൂപംകൊണ്ട ഒരു വലിയ ഡിജിറ്റല്‍ യുവജന മുന്നേറ്റമാണ് 'കോക്രോച്ച് ജനതാ പാര്‍ട്ടി'. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ പേജുകളെപ്പോലും അണികളുടെ എണ്ണത്തില്‍ പിന്നിലാക്കിയാണ് സിജെപി കുതിച്ചത്.
മെയ് 15 ന് ഒരു കോടതി വാദത്തിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ചില ഉദ്യോഗസ്ഥരെയും യുവാക്കളെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പാറ്റകളെന്നും പരാദങ്ങളെന്നും വിശേഷിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് യുവാക്കള്‍ 'കോക്രോച്ച് ജനത പാര്‍ട്ടി' എന്ന പേരില്‍ സോഷ്യല്‍ മീഡിയ പേജ് ആരംഭിച്ചത്.
നിലവിലെ രാഷ്ട്രീയ സംസ്‌കാരത്തെയും ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചകളെയും ട്രോളുകളിലൂടെയും മീമുകളിലൂടെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു ആക്ഷേപഹാസ്യ പ്ലാറ്റ്ഫോമാണിത്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 18 മില്യണിലധികം (1.8 കോടി) ആളുകളാണ് സിജെപിയെ പിന്തുടരുന്നത്.
വിദേശത്ത് ഉപരിപഠനം നടത്തുന്ന അഭിജീത്ത് ദീപ്ക്കെ എന്ന ഇന്ത്യന്‍ യുവാവാണ് ഈ ഡിജിറ്റല്‍ കാമ്പെയ്ന് പിന്നില്‍. തങ്ങളെ അവഹേളിക്കാന്‍ ഉപയോഗിച്ച 'പാറ്റ' എന്ന വാക്കിനെത്തന്നെ തങ്ങളുടെ അടയാളമാക്കി മാറ്റുകയായിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും ഭരണ പരാജയങ്ങള്‍ക്കുമെതിരെ യുവാക്കളുടെ ശക്തമായ ശബ്ദമായി ഈ പ്ലാറ്റ്ഫോമിനെ മാറ്റുമെന്നാണ് അംഗങ്ങള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.