മകളുടെ കുടുംബത്തോടൊപ്പം ജീവിക്കാനെത്തി: രണ്ട് പേർക്ക് ജീവൻ നൽകി ജന്മനാട്ടിലേക്ക് ജെസിയുടെ അന്തിമ യാത്ര

മകളുടെ കുടുംബത്തോടൊപ്പം ജീവിക്കാനെത്തി: രണ്ട് പേർക്ക് ജീവൻ നൽകി ജന്മനാട്ടിലേക്ക് ജെസിയുടെ അന്തിമ യാത്ര

ദുബായ്: ഭർത്താവിന്റെ വിയോഗത്തിന് ശേഷം ദുബായിലുള്ള മകളുടെ കുടുംബത്തോടൊപ്പം താമസിക്കാനെത്തിയ മലയാളി വീട്ടമ്മയുടെ അപ്രതീക്ഷിത മസ്തിഷ്ക മരണം ജീവനേകിയത് യുഎഇ യിലുള്ള രണ്ട് പേർക്ക്. സന്ദർശക വിസയിൽ മകളുടെ കുടുംബത്തോടൊപ്പം താമസിക്കവെയാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ കോട്ടപ്പടി വെള്ളറ വീട്ടിൽ ജോസ് മോന്റെ ഭാര്യ ജസീന്ത എന്ന ജെക്ക്  മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്നാണ് മക്കളുടെയും ഉറ്റ ബന്ധുക്കളുടെയും അനുമതിയോടെ ജെസിയുടെ അവയവങ്ങൾ യുഎഇ യിലുള്ള രണ്ട് പേർക്ക് ദാനം ചെയ്തത്.

മൂന്ന് വർഷം മുൻപാണ് ജെസിയുടെ ഭർത്താവ് മരിച്ചത്. മക്കളായ ബ്രിറ്റിയും ബ്രിട്ടോയും വിദേശ രാജ്യങ്ങളിൽ താമസമാക്കിയതോടെ ഒറ്റപ്പെടലിന്റെ വേദന മറികടക്കാനാണ് ജെസി രണ്ട് വർഷം മുൻപ് ദുബായിലുള്ള മകളുടെ കുടുംബത്തോടൊപ്പം താമസിക്കാനെത്തിയത്. സന്ദർശക വിസയിലായിരുന്നു ദുബായിലെ താമസം.

ഈ മാസം 14 നാണ് ജെസി താമസ സ്ഥലത്ത് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ തിരിച്ചുപിടിക്കാനുള്ള ഡോക്ടർമാരുടെ ശ്രമങ്ങളെല്ലാം വിഫലമായി. വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാറായിരുന്നെങ്കിലും ജെസി മസ്തിഷ്ക മരണം എന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.

ദിവസങ്ങൾക്കുള്ളിൽ ദുബായ് ഹെൽത്ത് അതോറിറ്റി മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് മക്കളായ ബ്രിറ്റി, കാനഡയിലുള്ള ബ്രിട്ടോ എന്നിവരും മരുമക്കളായ സോബി ( ദുബായ്), ആൻസി ( കാനഡ ) എന്നിവർ കൂടിയാലോചിച്ച് അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചു. നാട്ടിലുള്ള ജെസിയുടെ ഉറ്റ ബന്ധുക്കളും ഇതിന് സമ്മതം അറിയിച്ചു.

ജെസീന്തയുടെ അവയവങ്ങൾ യുഎഇയിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി കാത്തുനിന്ന രണ്ട് പേർക്കാണ് പുതുജീവിതം സമ്മാനിക്കുന്നത്. ഒരാൾക്ക് രണ്ട് വൃക്കകളും മറ്റൊരാൾക്ക് കരളുമാണ് നൽകിയത്.

അങ്ങനെ കാരുണ്യത്തിന്റെ മഹാ സന്ദേശം നൽകിക്കൊണ്ടാണ് ജെസി നാട്ടിലേക്ക് അന്തിമ യാത്ര നടത്തിയത്.
മക്കളായ ബ്രിറ്റി, ബ്രിട്ടോ, മരുമക്കളായ സോബി, ആൻസി എന്നിവരും മറ്റ് ബന്ധുക്കളും ചേർന്ന് ഒരേമനസോടെയാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്.

ജെസി കുടുംബത്തോടൊപ്പം

അമ്മയുടെ ഓർമകൾ മറ്റുള്ളവരിലൂടെ ഭൂമിയിൽ നിലനിൽക്കട്ടെ എന്ന തീരുമാനം പ്രവാസലോകത്തെ വികാരനിർഭരമായ അനുഭവമായി. ആത്മീയവും മതപരവുമായ ചടങ്ങുകൾ പൂർത്തിയാക്കി ജെസ്സിയുടെ ഭൗതിക ശരീരം ഇന്നലെ (വ്യാഴം) പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോയി കാവീട് സെന്റ് ജോസഫ് ഇടവക ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.

അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയ ശേഷം ജെസിയെ ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വേളയിൽ ദുബായ് കിങ്സ് കോളജ് ലണ്ടൻ ആശുപത്രി വൈകാരികമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. 'ഓണർ വാക്ക്' എന്നറിയപ്പെടുന്ന ആദരമർപ്പിക്കലായിരുന്നു അത്.

മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുമ്പോൾ ആ ദാതാവിനോടും അവരുടെ കുടുംബത്തോടുമുള്ള ഉള്ള ആദരസൂചകമായി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ബന്ധുക്കളും ചേർന്ന് നടത്തുന്ന പ്രത്യേക ചടങ്ങാണിത്.

അവസാന യാത്രയ്ക്കായി ദാതാവിനെ ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ആശുപത്രി ഇടനാഴിയുടെ ഇരുവശങ്ങളിലുമായി ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആദരവോടെയും പ്രാർഥനയോടെയും നിരയായി നിൽക്കും. കണ്ണീരണിഞ്ഞ്, കൈകൾ കൂപ്പി നിൽക്കുന്ന ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ആരോഗ്യ പ്രവർത്തകരുടെയും നടുവിലൂടെയുള്ള ദാതാവിന്റെ അന്തിമ യാത്ര, അവർ ചെയ്ത മഹത്തായ ത്യാഗത്തിന് സമൂഹം നൽകുന്ന ഏറ്റവും വലിയ ആദരവായി മാറി.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള 'ഹയാത്ത്' എന്ന ദേശീയ പദ്ധതി വഴിയാണ് അവയവ ദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഏകോപിപ്പിക്കുന്നത്. യുഎഇ നിയമ പ്രകാരം മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ അവയവദാനം സാധ്യമാകൂ. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ താൽപര്യമുള്ള ഏതൊരു യുഎഇ താമസക്കാരനും 'ഹയാത്ത്' ആപ്പിലോ വെബ്‌സൈറ്റിലോ മുൻകൂട്ടി റജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.

മസ്തിഷ്ക മരണം സംഭവിച്ചതായി പ്രത്യേക മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.