വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ അക്രമി കടുത്ത മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയെന്ന് റിപ്പോര്‍ട്ട്. താന്‍ യേശു ക്രിസ്തുവിന്റെ പുനരവതാരമാണെന്നാണ് ഇയാള്‍ സ്വയം വിശ്വസിച്ചിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിയായ നാസിര്‍ ബെസ്റ്റ് എന്ന ഇരുപത്തൊന്നുകാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ വെടിവെച്ച് കൊലപ്പെടുത്തി. വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സര്‍വീസ് ചെക്ക് പോയിന്റിന് സമീപമാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
പതിനേഴാം സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റില്‍ വെച്ചാണ് നാസിര്‍ ബെസ്റ്റ് വിചിത്രമായി പെരുമാറുകയും തോക്കെടുത്ത് വെടിയുതിര്‍ക്കുകയും ചെയ്തത്. ഈ ആക്രമണത്തില്‍ ഒരു വഴിയാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു.
തോക്ക് കൈയിലുണ്ടായിരുന്ന നസിറിനെ കീഴടക്കാന്‍ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവെച്ചിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇയാള്‍ മുമ്പും വൈറ്റ് ഹൗസ് പരിസരത്ത് കറങ്ങി നടന്നത് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിനും നിരോധിത മേഖലയില്‍ പ്രവേശിച്ചതിനും കഴിഞ്ഞ വര്‍ഷം രണ്ട് തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അന്ന് അറസ്റ്റ് ചെയ്യപ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും താന്‍ യേശുവാണെന്നും നാസിര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി. എഫ്ബിഐ സംഘം നിലവില്‍ സംഭവസ്ഥലത്തുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കി വരികയാണെന്നും അദേഹം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.