ഓസ്ട്രേലിയയില്‍ ഡിഫ്തീരിയ പടരുന്നു: 35 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വ്യാപനം; ഒരു മരണം സ്ഥിരീകരിച്ചു

ഓസ്ട്രേലിയയില്‍ ഡിഫ്തീരിയ പടരുന്നു: 35 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വ്യാപനം; ഒരു മരണം സ്ഥിരീകരിച്ചു

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ആശങ്കയുണര്‍ത്തി ഡിഫ്തീരിയ രോഗവ്യാപനം. രോഗബാധയെ തുടര്‍ന്ന് ഒരു മരണം സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെ 245 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ റോയല്‍ ഡാര്‍വിന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞയാള്‍ക്കാണ് ഇപ്പോള്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചത്.

2018 ന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഡിഫ്തീരിയ മരണമാണിത്. 1991 ന് ശേഷം ഓസ്ട്രേലിയ നേരിടുന്ന ഏറ്റവും ശക്തമായ ഡിഫ്തീരിയ വ്യാപനമാണിതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ രോഗ വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 2025 ന്റെ അവസാനത്തോടെ കേസുകള്‍ കണ്ട് തുടങ്ങിയിരുന്നെങ്കിലും ഫെബ്രുവരിയോടെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 60 ശതമാനവും നോര്‍ത്തേണ്‍ ടെറിട്ടറിയിലാണ്. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ 36 ശതമാനത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സൗത്ത് ഓസ്ട്രേലിയ, ക്വീന്‍സ്ലാന്‍ഡ് എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മാത്രം 163 കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 48 എണ്ണം ശ്വാസകോശ സംബന്ധമായ കേസുകളും 115 എണ്ണം ത്വക്കിനെ ബാധിച്ച കേസുകളുമാണ്.

രാജ്യം നേരിടുന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും രോഗ വ്യാപനമുള്ള പ്രദേശങ്ങളില്‍ എത്രയും വേഗം വാക്‌സിനുകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫെഡറല്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ മാര്‍ക്ക് ബട്ട്‌ലര്‍ പറഞ്ഞു.

തിരിച്ചടിയായത് വാക്‌സിന്‍ വിമുഖത

ഒരുകാലത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്‌തെന്ന് കരുതിയ രോഗം ശക്തമായി തിരിച്ച് വരുന്നതില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. രോഗവ്യാപനം കൂടാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് കുട്ടികളിലെ വാക്‌സിനേഷന്‍ നിരക്കിലുണ്ടായ കുറവ്, സമയബന്ധിതമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിലെ കാലതാമസം, വാക്‌സിനുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍, വിദൂര ഗോത്രവര്‍ഗ മേഖലകളില്‍ കൃത്യമായ ആരോഗ്യ സംവിധാനങ്ങള്‍ എത്താതിരിക്കുന്നത് എന്നിവയാണ്.

നിലവില്‍ രോഗ വ്യാപനം തീവ്രമായ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പുതിയ കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്താണ് ഡിഫ്തീരിയ?

'കൊറെയ്ന്‍ ബാക്ടീരിയം ഡിഫ്തീരിയേ' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന, വായുവിലൂടെ അതിവേഗം പടരുന്ന ഒരു പകര്‍ച്ച വ്യാധിയാണിത്. രോഗിയുടെ ചുമ, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയിലൂടെയും അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പടരുന്നത്.

ലക്ഷണങ്ങളും അപകടങ്ങളും:

പ്രധാനമായും മൂക്കിനെയും തൊണ്ടയെയുമാണ് ബാധിക്കുന്നത്. തൊണ്ടയില്‍ കട്ടിയുള്ള ഒരു കപടസ്തരം(False membrane) രൂപപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത് ശ്വാസതടസത്തിന് കാരണമാവുകയും ചികിത്സ വൈകിയാല്‍ ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാം.

പ്രതിരോധം വാക്‌സിനിലൂടെ മാത്രം:

ശൈശവ കാലത്ത് നല്‍കുന്ന ഡിപിടി വാക്‌സിനേഷനിലൂടെ ഈ രോഗത്തെ പൂര്‍ണമായി തടയാനാകും. കുട്ടി ജനിച്ച് നാലാം ആഴ്ചയിലും തുടര്‍ന്ന് 10, 14 ആഴ്ചകളിലുമാണ് പ്രധാന ഡോസുകള്‍ നല്‍കേണ്ടത്. ഒന്നര വയസിലും നാലര വയസിലും നല്‍കുന്ന ബൂസ്റ്റര്‍ ഡോസുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ രോഗപ്രതിരോധ ശേഷി കൈവരിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.