'രക്ഷാപ്രവര്‍ത്തനം'ചട്ടലംഘനം: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

'രക്ഷാപ്രവര്‍ത്തനം'ചട്ടലംഘനം: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയാണ് അടിയന്തര ഉത്തരവിറക്കിയത്.

പിണറായി വിജയന്റെ ദീര്‍ഘ കാലത്തെ ഗണ്‍മാന്‍ ആയിരുന്ന എം. അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്.

വിവിഐപി സുരക്ഷയുടെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളല്ല ഉദ്യോഗസ്ഥര്‍ ചെയ്തതെന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധക്കാരെ പ്രാദേശിക പൊലീസ് മാറ്റിയതിന് ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി ഇറങ്ങി മര്‍ദനം അഴിച്ചുവിട്ടത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോയതിന് ശേഷം സുരക്ഷാ വാഹനം നിര്‍ത്തിയിട്ടത് കാരണം തൊട്ടുപിന്നാലെയുണ്ടായിരുന്ന ആംബുലന്‍സും ഫയര്‍ഫോഴ്‌സും അടക്കമുള്ള കണ്‍വോയ് വ്യൂഹം ഗതാഗതക്കുരുക്കില്‍ പെട്ടു. ഇത് വിവിഐപി സുരക്ഷയിലെ കടുത്ത വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ളത് കൈത്തോക്ക് മാത്രമാണ്. എന്നാല്‍ പ്രതിഷേധക്കാരെ നേരിടാന്‍ ഇവര്‍ ചൂരല്‍വടികള്‍ ഉപയോഗിച്ചു. പൊലീസ് വകുപ്പ് ഔദ്യോഗികമായി നല്‍കാത്ത, സാധാരണ ലാത്തിയേക്കാള്‍ നീളമുള്ള ചൂരല്‍വടികളാണ് മര്‍ദനത്തിന് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലാത്തി ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഉദ്യോഗസ്ഥര്‍ മാരകമായി മര്‍ദിച്ചതിനാല്‍ ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് എസ്ഐടി ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണത്തിനിടയില്‍ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ഉന്നതതല ഇടപെടലുകള്‍ നടന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എഴുതിച്ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസ് ഡയറി തിരുത്തി 'രക്ഷാപ്രവര്‍ത്തനം' എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം എഡിജിപിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു.

2023 ഡിസംബര്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന് സമീപം നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ച കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന എ.ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെയാണ് ഗണ്‍മാനും സംഘവും ക്രൂരമായി മര്‍ദിച്ചത്. അന്ന് മര്‍ദനമേറ്റ എ.ഡി തോമസ് നിലവില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

സംഭവം നടന്ന് മാസങ്ങളായിട്ടും പൊലീസ് കേസെടുക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് മര്‍ദനമേറ്റവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനും ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് നീങ്ങാനും പൊലീസ് നിര്‍ബന്ധിതരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.