ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഒപ്പുവെച്ചു, മടക്കം ഉടന്‍

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഒപ്പുവെച്ചു, മടക്കം ഉടന്‍

റിയാദ്: സൗദി ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. റിയാദ് സഹായ സമിതിയാണ് ഈ വിവരം പുറത്തുവിട്ടത്. നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എക്‌സിറ്റ് വിസ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ കൂടി അതിവേഗം പൂര്‍ത്തിയാക്കി റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൗദിയിലെ കോടതികള്‍ക്ക് ദീര്‍ഘകാല അവധി വരുന്നതിന് മുന്‍പ് റഹീമിനെ പുറത്തിറക്കി, മൂന്ന് ദിവസത്തിനകം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കാനാണ് റിയാദിലെ നിയമസഹായ സമിതിയും ഇന്ത്യന്‍ എംബസിയും ശ്രമിക്കുന്നത്. നീണ്ട 20 വര്‍ഷത്തെ അനിശ്ചിതത്വങ്ങള്‍ക്കും തടവ് ശിക്ഷയ്ക്കും ശേഷമാണ് അബ്ദുല്‍ റഹീം സ്വതന്ത്രനാകുന്നത്.

2006 ഡിസംബറിലാണ് റഹീം റിയാദില്‍ വെച്ച് അറസ്റ്റിലാകുന്നത്. ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി കേവലം 28 ദിവസങ്ങള്‍ക്കകമായിരുന്നു ദുരന്തം.

സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ 15 വയസുള്ള മകന്‍ അനസ് അല്‍ ഫായിസിനെ പരിചരിക്കുന്നതിനിടയിലാണ് സംഭവം. യാത്രയ്ക്കിടയില്‍ കുട്ടി അക്രമാസക്തനാവുകയും അത് തടയാന്‍ ശ്രമിക്കുന്നതിനിടെ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണത്തില്‍ (ശ്വസന സഹായി) തട്ടുകയുമായിരുന്നു. ഉപകരണം വേര്‍പെട്ടുപോയതിനെ തുടര്‍ന്ന് കുട്ടി ബോധരഹിതനായി മരണപ്പെടുകയുമായിരുന്നു.

മനപൂര്‍വമല്ലാത്ത ഒരു കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായിരുന്നെങ്കിലും 2012 ല്‍ സൗദി കോടതി റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് ഉയര്‍ന്ന കോടതികളും ഈ വിധി ശരിവെച്ചു. പിന്നീട് കുട്ടിയുടെ കുടുംബം വധശിക്ഷ ഒഴിവാക്കാന്‍ വലിയൊരു തുക മോചന ദ്രവ്യമായി (ദിയാധനം) ആവശ്യപ്പെട്ടു.

സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ട 1.5 കോടി സൗദി റിയാല്‍ (ഏകദേശം 34 കോടി രൂപ) സമാഹരിക്കാനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗോള മലയാളി സമൂഹം ദിവസങ്ങള്‍ക്കകം തുക സമാഹരിച്ചു. ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളും നാട്ടുകാരും ഇതില്‍ പങ്കാളികളായി.

ദിയാ ധനം കോടതിയില്‍ സമര്‍പ്പിച്ചതോടെ 2024 ജൂലൈയില്‍ റഹീമിന്റെ വധശിക്ഷ കോടതി ഔദ്യോഗികമായി റദ്ദാക്കി. എന്നാല്‍ വധശിക്ഷ ഒഴിവാക്കിയെങ്കിലും സൗദി പൊതു നിയമ പ്രകാരമുള്ള കുറ്റത്തിന് 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കാന്‍ റിയാദ് ക്രിമിനല്‍ കോടതി വിധിക്കുകയായിരുന്നു. അറസ്റ്റിലായ കാലം മുതല്‍ ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ റഹീമിന്റെ 20 വര്‍ഷത്തെ തടവ് ശിക്ഷാ കാലാവധി പൂര്‍ത്തിയായി. ഇതോടെയാണ് മോചന ഉത്തരവ് ഇറങ്ങിയതും എക്‌സിറ്റ് വിസ ലഭ്യമായതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.