ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലെ ജമ്മു കാശ്മീര്‍ പരാമര്‍ശങ്ങളെ പൂര്‍ണമായി തള്ളി ഇന്ത്യ. ജമ്മു കാശ്മീരും ലഡാക്കും എക്കാലത്തും ഇന്ത്യയുടെ പരമാധികാരത്തില്‍പ്പെട്ട അവിഭാജ്യ ഘടകങ്ങളാണെന്നും ഇതില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദര്‍ശനത്തിന് പിന്നാലെ പുറത്ത് വന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍.
കാശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍, സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍, ഉഭയകക്ഷി കരാറുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നായിരുന്നു ബീജിങില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലുണ്ടായിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതികളെ ഇന്ത്യ ശക്തമായി എതിര്‍ത്തു. പാകിസ്ഥാന്റെ നിയമ വിരുദ്ധവും ബലപ്രയോഗത്തിലൂടെ ഉള്ളതുമായ അധിനിവേശത്തെ ന്യായീകരിക്കാനോ ശക്തിപ്പെടുത്താനോ ഉള്ള മറ്റ് രാജ്യങ്ങളുടെ ഏതൊരു നീക്കത്തെയും രാജ്യം ചെറുക്കുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയേയും ബാധിക്കുന്ന ഈ വിഷയത്തിലെ ആശങ്കകള്‍ ചൈനയെയും പാകിസ്ഥാനെയും പല തവണ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സംയുക്ത പ്രസ്താവനയിലെ 'അതിര്‍ത്തി കടന്നുള്ള ജലവിഭവ സഹകരണ' പരാമര്‍ശങ്ങളെയും ഇന്ത്യ പരിഹസിച്ചു. ചൈനയും പാതിസ്ഥാനും തമ്മില്‍ നേരിട്ട് അതിര്‍ത്തി പങ്കിടുന്നില്ലെന്നിരിക്കെ, ഇത്തരമൊരു സഹകരണത്തെക്കുറിച്ചുള്ള ചോദ്യം പോലും ഉദിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ അനധികൃതമായി ചൈനയ്ക്ക് കൈമാറിയ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള 1963 ലെ പാക്-ചൈന അതിര്‍ത്തി കരാര്‍ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.