വോട്ടര്‍ പട്ടിക പുതുക്കലോ അതോ 'ഡീ ഫാക്ടോ' പൗരത്വ നിര്‍ണയമോ? സുപ്രീം കോടതി ഇന്ന് വ്യക്തത വരുത്തും

വോട്ടര്‍ പട്ടിക പുതുക്കലോ അതോ 'ഡീ ഫാക്ടോ' പൗരത്വ നിര്‍ണയമോ? സുപ്രീം കോടതി ഇന്ന് വ്യക്തത വരുത്തും

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ഉള്‍പ്പെട്ടതുമായ ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പറയുക.

വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്ന എസ്ഐആര്‍ പ്രക്രിയ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പോലുള്ള സംഘടനകളും കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ഹര്‍ജികളിലെ വാദം ജനുവരി 29 നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

നിലവിലെ രൂപത്തില്‍ ഇത്തരമൊരു വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് ഹര്‍ജികളിലെ പ്രധാന ചോദ്യം. പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കെ, പൈതൃക രേഖകളുടെയും ലിസ്റ്റുകളുടെയും അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു 'ഡീ ഫാക്ടോ' പൗരത്വ നിര്‍ണയ അതോറിറ്റിയായി മാറുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ വോട്ടര്‍ പട്ടികയില്‍ അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ മാത്രം ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഭരണഘടനയുടെ 326-ാം അനുച്ഛേദം തങ്ങള്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എസ്ഐആര്‍ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ ബീഹാറിലാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തില്‍ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചു. ബംഗാളില്‍ മാത്രം വന്‍തോതില്‍ വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് കൂടി ഉള്‍പ്പെടുത്താന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എടുത്ത് മാറ്റുന്ന വോട്ടര്‍മാരുടെ കൃത്യമായ വിവരങ്ങള്‍ സുതാര്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം പ്രഖ്യാപിച്ച മൂന്നാം ഘട്ട എസ്ഐആര്‍ നടപടികളെ ഇന്നത്തെ സുപ്രീം കോടതി വിധി നേരിട്ട് ബാധിക്കും. മൂന്നാം ഘട്ടത്തില്‍ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങളും സെന്‍സസ് രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണവും കണക്കിലെടുത്ത് ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ഈ പ്രക്രിയ പിന്നീട് മാത്രമേ നടക്കൂ എന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടര്‍പട്ടികയിലെ വ്യാജന്മാരെയും മരണപ്പെട്ടവരെയും താമസം മാറിയവരെയും ഒഴിവാക്കി പട്ടിക പൂര്‍ണമായി ശുദ്ധീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ പ്രക്രിയയാണ് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍). ഇതിനായി പഴയ ലെഗസി രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ വോട്ടര്‍മാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.